Connect with us

union budget 2022

കേന്ദ്ര ബജറ്റ് നാളെ: ധനമന്ത്രിക്ക് മുന്നിലുള്ള അഞ്ച് വെല്ലുവിളികള്‍

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിടുന്ന സമ്പദ്വ്യവസ്ഥയെ വേഗത്തിലാക്കുക എന്നതാകും ധനമന്ത്രിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതുകൂടാതെ, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനൊപ്പം, കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും വരുമാനം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി വെല്ലുവിളികളില്‍ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും

Published

|

Last Updated

ന്യൂഡല്‍ഹി | 2022ലെ ബജറ്റ് നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. ഇതോടെ തുടര്‍ച്ചയായി നാലാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാ ധനമന്ത്രിയായി അവര്‍ മാറും. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിടുന്ന സമ്പദ്വ്യവസ്ഥയെ വേഗത്തിലാക്കുക എന്നതാകും ധനമന്ത്രിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതുകൂടാതെ, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനൊപ്പം, കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും വരുമാനം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി വെല്ലുവിളികളില്‍ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

പൊതുബജറ്റിനുമുമ്പ് ധനമന്ത്രിയുടെ മുന്നിലുള്ള അഞ്ച് പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

തൊഴിലില്ലായ്മ കുറയ്ക്കല്‍

കൊവിഡ് ബാധയെത്തുടര്‍ന്ന് തൊഴിലില്ലായ്മ നിരക്ക് അതിവേഗം വര്‍ധിച്ചു. സിഎംഐഇയുടെ കണക്കനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നിലവില്‍ 6.9 ശതമാനമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 8.4 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനവുമാണ്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക എന്നത് ധനമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ തൊഴില്‍ വധര്‍ധിപ്പിക്കാനായി ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടി വരും. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ അനുവദിച്ച തുക വര്‍ധിപ്പിക്കുന്നതിനൊപ്പം, നഗരങ്ങളിലെ തൊഴിലില്ലായ്മയിലും അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

പണപ്പെരുപ്പം നിയന്ത്രിക്കല്‍

രാജ്യത്തെ ചില്ലറവില്‍പന പണപ്പെരുപ്പം 5.59 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മൊത്തവിലപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 13.56 ശതമാനത്തിലാണ്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം, ആളുകളുടെ ഷോപ്പിംഗ് കഴിവ് കുറയുകയും കുടുംബത്തിന്റെ ബജറ്റ് താറുമാറാകുകയും ചെയ്തു. ഈ ബജറ്റില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്ക് ധനമന്ത്രി ഊന്നല്‍ നല്‍കേണ്ടിവരും. സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടിവരും.

ആരോഗ്യ സേവനങ്ങള്‍ ചുരുങ്ങിയ ചെലവില്‍

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയെ പരമാവധി ശക്തിപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ അവശ്യ ആരോഗ്യ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് ജിഡിപിയുടെ 3 ശതമാനമെങ്കിലും ധനമന്ത്രി ഉയര്‍ത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് മെച്ചപ്പെട്ട ചികിത്സാ സംവിധാനത്തിലേക്ക് നയിക്കും.

തൊഴിലാളികള്‍ക്ക് നികുതി ഇളവ്

കഴിഞ്ഞ നിരവധി ബജറ്റുകളില്‍ തൊഴിലാളിവര്‍ഗം നിരാശയിലാണ്. സര്‍ക്കാര്‍ നികുതിഭാരം കുറയ്ക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആഗ്രഹം. എന്നാല്‍ നികുതി പിരിവ് വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ വേഗത്തിലാക്കുക എന്നതാണ് ധനമന്ത്രിയുടെ മുന്നിലുള്ള വെല്ലുവിളി. അതേസമയം ആശ്വാസത്തിനായി കാത്തിരിക്കുകയാണ് സാധാരണക്കാര്‍. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരെയും ഏകോപിപ്പിക്കാന്‍ ധനമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്ന് കണ്ടറിയണം.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍

2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നത് പ്രധാനമന്ത്രി മോദിയുടെ ഏറെ നാളത്തെ സ്വപ്നമാണ്. കര്‍ഷകരുടെ അതൃപ്തി കാരണം കാര്‍ഷിക നിയമങ്ങളും സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണത്തെ ബജറ്റില്‍ കര്‍ഷകരുടെ മേലുള്ള പ്രഖ്യാപനത്തിലായിരിക്കും ഏവരുടെയും കണ്ണുകള്‍. കിസാന്‍ സമ്മാന്‍ നിധിയുടെ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. ഇതോടൊപ്പം കര്‍ഷകര്‍ക്കായി ഇനിയും ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നു.