National
ഡീപ്‌ഫേക്ക് ഉള്ളടക്കം തടയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏഴുദിവസത്തെ സമയം നല്‍കി കേന്ദ്രസര്‍ക്കാര്‍
ഡീപ്പ് ഫേക്ക് വീഡിയോകള്‍ വര്‍ധിച്ചുവരുന്നത് രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കണ്ടെത്തലിലാണ് കേന്ദ്രം നടപടി കടുപ്പിച്ചത്.
ന്യൂഡല്‍ഹി| രാജ്യത്ത് ഡീപ്പ് ഫേക്ക് വീഡിയോകളുടെ വ്യാപകപ്രചരണം തടയാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ തടയാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏഴുദിവസത്തെ സമയം നല്‍കി. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഡീപ്ഫേക്ക് ഭീഷണികള്‍ പരിശോധിക്കാനും, ഓണ്‍ലൈനില്‍ വ്യാജ ഉള്ളടക്കം കണ്ടെത്തുമ്പോള്‍ അതില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് പൗരന്മാരെ സഹായിക്കാനും സര്‍ക്കാര്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും നിയമിക്കുന്ന റൂള്‍ സെവന്‍ ഉദ്യോഗസ്ഥന്‍ മുഖേനെയായിരിക്കും പൗരന്മാര്‍ക്ക് അവരുടെ പരാതികള്‍, പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള നിയമ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിക്കുക. റൂള്‍ സെവന്‍ ഓഫീസര്‍ ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്ന ഒരു വ്യക്തിയായിരിക്കും.
രാജ്യത്ത് ഡീപ്പ് ഫേക്ക് വീഡിയോകള്‍ വര്‍ധിച്ചുവരുന്നത് രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കണ്ടെത്തലിലാണ് കേന്ദ്രം നടപടി കടുപ്പിച്ചത്.
നേരത്തെ രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് അഭിനേതാക്കളുടെയും പ്രധാനമന്ത്രി ഗര്‍ബ നൃത്തം കളിക്കുന്നതിന്റെയും ഡീപ്‌ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു.