National
ഡീപ്ഫേക്ക് വീഡിയോകള്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര ഐടി മന്ത്രാലയം
ഡീപ്‌ഫേക്ക് വീഡിയോകള്‍ ഹോസ്റ്റുചെയ്യുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കും അവ സൃഷ്ടിക്കുന്നവര്‍ക്കുമെതിരെയും പിഴ ചുമത്തുമെന്നും ഐടി മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി| വര്‍ധിച്ചു വരുന്ന ഡീപ്പ് ഫേക്ക് വീഡിയോകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വിവിധ പ്ലാറ്റ്ഫോമുകളിലായി വര്‍ധിച്ചുവരുന്ന ഡീപ്പ്ഫേക്ക് വീഡിയോകള്‍ ആളുകളില്‍ വലിയ ആശങ്കള്‍ ഉണ്ടാക്കുന്നതിനിടെ പുതിയ നിയമം കൊണ്ടുവരികയോ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഡീപ്‌ഫേക്ക് വീഡിയോകള്‍ ഹോസ്റ്റുചെയ്യുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കും അവ സൃഷ്ടിക്കുന്നവര്‍ക്കുമെതിരെയും പിഴ ചുമത്തുമെന്നും ഐടി മന്ത്രി പറഞ്ഞു. ഡീപ്‌ഫേക്കുകള്‍ കണ്ടെത്തല്‍, അത്തരം ഉള്ളടക്കത്തിന്റെ വ്യാപനം തടയല്‍, റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, വിഷയത്തില്‍ അവബോധം പ്രചരിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലായിരിക്കും നിയമങ്ങള്‍ ആദ്യ ഘട്ടത്തില്‍ കൊണ്ടുവരിക.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഡീപ്പ്ഫേക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഡീപ്ഫേക്കുകള്‍ തിരിച്ചറിഞ്ഞ് ഉള്ളടക്കം നീക്കം ചെയ്യാനുമുള്ള നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പ്രതിപാദിക്കുന്നത്.
ഡീപ്പ്ഫേക്കുകള്‍ക്കെതിരെ പൗരന്മാരും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും ഈ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.