wynad disaster
കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ചു
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി
കല്‍പ്പറ്റ | കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് ദുരന്തഭൂമിയിലെത്തിയ അദ്ദേഹം ബെയിലി പാലത്തിലൂടെ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനം സമര്‍പ്പിക്കുന്ന വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രത്തിന്റെ തുടര്‍ നടപടികളെന്നും അദ്ദേഹം പറഞ്ഞു.