National
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
ഇന്ത്യയില്‍ ഇതുവരെ 78 ചാനലുകളാണ് കേന്ദ്രം ബ്ലോക് ചെയ്തതെന്നും താക്കൂര്‍ പറഞ്ഞു
ന്യൂഡല്‍ഹി | വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. 22 യൂട്യുബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിറകെയാണ് മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയില്‍ ഇതുവരെ 78 ചാനലുകളാണ് കേന്ദ്രം ബ്ലോക് ചെയ്തതെന്നും താക്കൂര്‍ പറഞ്ഞു. ഇത്തരം ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരം, ദേശീയ സുരക്ഷ, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവയെ ബാധിക്കുന്ന വിധത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ ചാനലുകള്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. അവര്‍ കൊവിഡിനെ കുറിച്ചും റഷ്യ-യുക്രൈന്‍ പ്രതിസന്ധിയെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം 22 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും മൂന്ന് ട്വിറ്റര്‍ അക്കൗണ്ട്, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാര്‍ത്താ വെബ്സൈറ്റ് എന്നിവയുടെ പ്രവര്‍ത്തനാനുമതി തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.