indian grand mufti
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു
കൂടിക്കാഴ്ചയില്‍ സൗഹൃദ സംഭാഷണത്തിന് പുറമെ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു.
കോഴിക്കോട് | കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹം രാവിലെ ഒമ്പത് മണിക്ക് മര്‍കസില്‍ എത്തിയാണ് കാന്തപുരത്തെ കണ്ടത്.
അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സൗഹൃദ സംഭാഷണത്തിന് പുറമെ ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരവിഷയമായി. ന്യൂനപക്ഷ ജനത അഭിമുഖീകരിക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ന്യൂനപക്ഷ വകുപ്പ് ആവിഷ്‌കരിക്കണമെന്നും കാന്തപുരം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഉന്നത കലാലയങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമായിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പിലെ അപാകത പരിഹരിക്കുക, അലിഗഢ് യൂനിവേഴ്സിറ്റി മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ഗ്രാന്‍ഡ് മുഫ്തി ചൂണ്ടിക്കാട്ടി.
നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച പരിചയം വകുപ്പില്‍ ഗുണം ചെയ്യട്ടെയെന്നും സമൂഹത്തിനായി നല്ല കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും കാന്തപുരം ആശംസിച്ചു. എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും പുരോഗതിയും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
മര്‍കസ് സാമൂഹ്യക്ഷേമ മിഷനായ ആര്‍ സി എഫ് ഐയുടെ ഭിന്നശേഷി സംഗമത്തിലും മന്ത്രി സംബന്ധിച്ചു. കൂടിക്കാഴ്ചയില്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അക്ബര്‍ ബാദുഷ സഖാഫി, കെ കെ ഷമീം സംബന്ധിച്ചു.