Kerala
വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും; കേന്ദ്രമന്ത്രി ജെ പി നദ്ദ
ജെപി നദ്ദയെ ഇന്ന് യുഡിഎഫ് എംപിമാര്‍ ചേംബറിലെത്തി കാണും. ആശാ വര്‍ക്കര്‍മാരുടെ സമരം അടക്കം നദ്ദയെ അറിയിക്കും.

ന്യൂഡല്‍ഹി|കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വീണാ ജോര്‍ജ് ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്റ് തേടി കത്ത് നല്‍കിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് ഇന്ന് രാവിലെ കേരളത്തില്‍ തിരിച്ചെത്തിയിരുന്നു.
അതേസമയം, ജെപി നദ്ദയെ ഇന്ന് യുഡിഎഫ് എംപിമാര്‍ ചേംബറിലെത്തി കാണും. ആശാ വര്‍ക്കര്‍മാരുടെ സമരം അടക്കം നദ്ദയെ അറിയിക്കും. കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. എയിംസ് അടക്കം വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.
ആശമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഇന്ന് നാല്പതാം ദിവസത്തിലേക്ക് കടന്നു.
ആശമാരുടെ സമരത്തെ വീണ്ടും തള്ളിയിരിക്കുകയാണ് സര്‍ക്കാര്‍. സമരം തീരാതിരിക്കാന്‍ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എംബി രാജേഷ് പറഞ്ഞു. കേന്ദ്രത്തെ സഹായിക്കുന്ന സമരമാണെന്നും മന്ത്രി വിമര്‍ശിച്ചു. ഇതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.