Kerala
വഖ്ഫ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ തെറ്റ് തിരുത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കായാണ് ഭേദഗതിയെന്ന്

കൊച്ചി | വഖ്ഫ് നിയമ ഭേദഗതിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. വഖ്ഫ് ഭേദഗതി മുസ്ലിംകള്‍ക്കെതിരല്ലെന്നും ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കായാണ് ഭേദഗതിയെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് സര്‍ക്കാര്‍ തിരുത്തുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
മുസ്ലിംകള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നുവെന്ന പ്രചാരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തെറ്റാണ്. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ല. മുനമ്പത്തുകാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏത് ഭൂമിയും വഖ്ഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയ്യാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു.
മുനമ്പം വിഷയത്തില്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥനയുണ്ടെന്നും അടിയന്തരമായി ജില്ലാ കലക്ടറോട് സര്‍വേ കമ്മീഷണര്‍ എടുത്ത മുഴുവന്‍ നടപടികളും പുനഃപരിശോധിക്കാന്‍ നിര്‍ദേശിക്കണമെന്നും കിരണ്‍ റിജ്ജു വ്യക്തമാക്കി. എല്‍ ഡി എഫും യു ഡി എഫും വോട്ടുബേങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ട് ബേങ്കായി മാത്രം കാണരുതെന്നും അദ്ദേഹം പറഞ്ഞു.