National
വാഹനാപകടങ്ങളില്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചാല്‍ 25,000 രൂപ പാരിതോഷികം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
നിലവില്‍ നല്‍കുന്ന പാരിതോഷിക തുക 5000 രൂപയാണ്.
ന്യൂഡല്‍ഹി|റോഡപകടങ്ങളില്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം പറഞ്ഞത്. പാരിതോഷിക തുക വര്‍ധിപ്പിക്കാന്‍ റോഡ് ഗതാഗത മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഗഡ്കരി പറഞ്ഞു.
വാഹനാപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലോ ട്രോമാ സെന്ററിലോ കൊണ്ടുപോകുന്നവര്‍ക്ക് നല്‍കുന്ന തുക വളരെ കുറവാണ്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ അതിനെ സുവര്‍ണ്ണ മണിക്കൂര്‍ എന്നാണ് വിളിക്കുക. ഈ സമയത്തിനുള്ളില്‍ പരുക്കേറ്റയാളുടെ അതിജീവന സാധ്യത വളരെ കൂടുതലാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നിലവില്‍ നല്‍കുന്ന പാരിതോഷിക തുക 5000 രൂപയാണ്.
2021 ഒക്ടോബര്‍ മുതലാണ് കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം നല്‍കുന്നത് ആരംഭിച്ചത്. നിലവിലെ പദ്ധതി പ്രകാരം വാഹനാപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന വ്യക്തിക്ക് സമ്മാനത്തുകയ്ക്കൊപ്പം അംഗീകാര സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനത്തുക യഥാര്‍ത്ഥ വ്യക്തികള്‍ക്കാണെന്ന് ഉറപ്പാക്കാന്‍ മള്‍ട്ടി ലെവല്‍ വെരിഫിക്കേഷന്‍ പ്രക്രിയയുമുണ്ട്.