From the print
തനിമയോടെ ചടുല ചുവടുകൾ; ആവേശം ചോരാതെ അറബനമുട്ട്
ഓരോ ടീമുകളുടെയും മത്സരം അവസാനിക്കുന്നതോടെ സദസ്സിൽ നിന്നുയർന്ന നിറഞ്ഞ കൈയടി കലാപ്രേമികൾ അറബനമുട്ടിനെ നെഞ്ചേറ്റിയതിന്റെ സാക്ഷ്യപത്രമായി.
തിരുവനന്തപുരം | തലയിൽ കെട്ടും ശുഭ്ര വസ്ത്രവുമണിഞ്ഞ് കൗമാര പ്രതിഭകൾ അറബനയിൽ കൈകൾ പായിച്ചതോടെ സദസ്സൊന്ന് നിശബ്ദമായി. ബൈത്തിന്റെ ഈണത്തിനൊത്ത് മത്സരാർഥികൾ ചുവടുകൾ വെച്ചതോടെ തലസ്ഥാന നഗരി മാപ്പിളകലയുടെ തനിയാവിഷ്‌കാരത്തിനാണ് സാക്ഷിയായത്. ഓരോ ടീമുകളുടെയും മത്സരം അവസാനിക്കുന്നതോടെ സദസ്സിൽ നിന്നുയർന്ന നിറഞ്ഞ കൈയടി കലാപ്രേമികൾ അറബനമുട്ടിനെ നെഞ്ചേറ്റിയതിന്റെ സാക്ഷ്യപത്രമായി.
സലാമും സ്വലാത്തും പ്രാരംഭ പ്രാർഥനാ ഗീതവും കഴിഞ്ഞയുടൻ അറബനയിൽ മുട്ടി ആവേശച്ചുവടുകളിലേക്ക് ഓരോ ടീമുകളും കടന്നു. പിന്നെ പ്രവാചകരെയും സൂഫീവര്യന്മാരെയും വർണിക്കുന്ന ഈണത്തിലുള്ള ബൈത്തുകൾ. ബൈത്തിനൊത്ത് മുട്ടും ചടുലമായ ചുവടുകളും മുസ്‌ലിംകൾക്കിടയിൽ പാരന്പര്യ കലാരൂപമായി വിശേഷ ദിവസങ്ങളിൽ അവതരിപ്പിക്കാറുള്ള അറബനമുട്ട് കലോത്സവ വേദിയിൽ ഇടംപിടിച്ചത് തന്നെ ഇത്രയേറെ സവിശേഷതകളുള്ളതിനാലാണ്.
തനത് ശൈലിയും കലർപ്പില്ലാത്ത അവതരണവുമാണ് സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലെ മാപ്പിളകലകളെ വേറിട്ടുനിർത്തുന്നത്. മാറ്റത്തിരുത്തലുകൾ നടത്തി കലകളെ വികൃതമാക്കരുതെന്ന കലോത്സവ മാനദണ്ഡങ്ങൾ പരിശീലകരെല്ലാം പാലിക്കുന്നതിനാൽ മാപ്പിളത്തനിമ ചോരാതെയും ആവേശം കുറയാതെയുമാണ് അറബനമുട്ട് ഉൾപ്പെടെയുള്ള കലകൾ അരങ്ങിലെത്താറുള്ളത്.
വാശിയേറിയ മത്സരമാണ് ഇത്തവണയും നടന്നതെന്നും ടീമുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നുവെന്നും വിധി കർത്താക്കൾ പറഞ്ഞു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 32 ടീമുകളാണ് അറബനമുട്ട് മത്സരത്തിൽ പങ്കെടുത്തത്. മത്സര ഫലം വന്നപ്പോൾ എല്ലാ ടീമുകൾക്കും എ ഗ്രേഡ്. ഫോക്്ലോർ അവാർഡ് ജേതാവും പ്രഗത്ഭ പരിശീലകനുമായ കോയ കാപ്പാടിന്റെയും ശിഷ്യന്മാരായ സജാദ് വടകര, നിസാർ കാപ്പാട്, ഇൽയാസ് കാപ്പാട്, നിയാസ് കാന്തപുരം എന്നിവരുടെയും നേതൃത്വത്തിൽ 14 ടീമുകളാണ് ഇത്തവണ പങ്കെടുത്തത്.