Connect with us

Ongoing News

പുരോഗതി സാധ്യമാവണമെങ്കില്‍ മനുഷ്യര്‍ക്കിടയിലെ ഒരുമ പ്രധാനം: കാന്തപുരം

മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയില്‍ അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം.

Published

|

Last Updated

മലേഷ്യയിലെ പെറ്റാലിങ് ജയയില്‍ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു.

ക്വാലാലംപൂര്‍ | ശരിയായ വികസനവും പുരോഗതിയും സാധ്യമാവണമെങ്കില്‍ മനുഷ്യര്‍ക്കിടയിലെ ഒരുമയും ഐക്യവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മതങ്ങള്‍ക്കിടയിലെ ഐക്യവും സൗഹാര്‍ദവും സഹവര്‍ത്തിത്വവും ലക്ഷ്യം വെച്ച് മലേഷ്യന്‍ സര്‍ക്കാരിന്റെയും മുസ്ലിം വേള്‍ഡ് ലീഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്ത് വലിയ മുന്നേറ്റങ്ങള്‍ സാധ്യമായ ഇക്കാലത്തും സമൂഹങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ക്ക് ആധുനിക ലോകം സാക്ഷ്യം വഹിക്കുന്നുണ്ട്. വിശ്വസിക്കുന്ന മതത്തിന്റെയും സംസാരിക്കുന്ന ഭാഷയുടെയും ചര്‍മ നിറത്തിന്റെയും വ്യത്യാസങ്ങള്‍ക്കപ്പുറത്തേക്ക് മനുഷ്യനെ കാണാനും ആശയവിനിമയം നടത്താനും സാധിച്ചെങ്കില്‍ മാത്രമേ പുരോഗമന ജനതയെന്ന് അവകാശപ്പെടുന്നതില്‍ അര്‍ഥമുള്ളൂ.

മതത്തിന്റെ പേരില്‍ ഫലസ്തീനില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളും പിഞ്ചുകുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനും ഇസ്‌റാഈലിന്റെ മനുഷ്യത്വ രഹിത നടപടികളെ എതിര്‍ക്കാനും എല്ലാ വ്യത്യാസങ്ങളും മറികടന്ന് ലോകജനത ഒന്നിക്കണമെന്ന് ഗ്രാന്‍ഡ് മുഫ്തി ആഹ്വാനം ചെയ്തു.

സെലാന്‍ഗോറിലെ പെറ്റാലിങ് ജയയില്‍ നടന്ന സമ്മേളനത്തില്‍ 57 രാഷ്ട്രങ്ങളില്‍ നിന്നുള്ള 2000 ത്തോളം അതിഥികള്‍ സംബന്ധിച്ചു. മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിന്‍ മുഖ്താര്‍ അധ്യക്ഷത വഹിച്ച സമ്മേളനം പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഇസ്സ പ്രമേയാനുബന്ധ വിഷയാവതരണം നടത്തി.

മതനേതാക്കള്‍ ഒരുമിച്ചിരിക്കുന്ന ചര്‍ച്ചകള്‍ക്കും നടപ്പാക്കുന്ന പദ്ധതികള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നും വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഒരുമയിലൂടെ മാത്രമേ പുരോഗതി സാധ്യമാവൂ എന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം പറഞ്ഞു.

‘വര്‍ഗീയമോ രാഷ്ട്രീയമോ മതപരമോ ആയ സംഘര്‍ഷങ്ങളെ കുറിച്ച് കേള്‍ക്കാത്ത ഒരു ദിവസവും ലോകത്തെവിടെയും കടന്നുപോവുന്നില്ല. മതങ്ങളും സമൂഹങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ ഇത് പരിഹരിക്കാനാവുകയുള്ളൂ എന്നും ഇത്തരം വേദികള്‍ക്ക് വരും വര്‍ഷങ്ങളിലും മലേഷ്യ ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യന്‍ മന്ത്രിമാരായ ഫഹ്മി ഫാദ്‌സില്‍, സാംബ്രി അബ്ദുല്‍ ഖാദിര്‍, ചീഫ് സെക്രട്ടറി മുഹമ്മദ് സുകി അലി, കംബോഡിയന്‍ ഇസ്ലാമിക് അഫേഴ്സ് സീനിയര്‍ മന്ത്രി ഹസന്‍ ഒസ്മാന്‍, മലേഷ്യന്‍ മുഫ്തി ഡോ. ലുഖ്മാന്‍ ബിന്‍ ഹാജി അബ്ദുല്ല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് അണ്ടര്‍ ാന്‍ഡിങ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് നൂര്‍ മാനുട്ടി, ക്രിസ്ത്യന്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ബിഷപ് ഫിലിപ് തോമസ്, വിവിധ രാഷ്ട്രങ്ങളെയും മതങ്ങളെയും ആരാധനാലയങ്ങളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഗ്രാന്‍ഡ് മുഫ്തിയെ അനുഗമിച്ച് ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എസ് എസ് എഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി എന്നിവര്‍ മ്മേളനത്തിന്റെ ഭാഗമായി. നാളെ (മെയ് എട്ട്, ബുധന്‍) മലേഷ്യന്‍ സര്‍ക്കാരിന്റെയും മുസ്ലിം ലീഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നടക്കുന്ന ഏഷ്യന്‍ ഉലമാ മജ്‌ലിസിലും ഗ്രാന്‍ഡ് മുഫ്തി അതിഥിയായി പങ്കെടുക്കും.

മലേഷ്യയിലെ പെറ്റാലിങ് ജയയില്‍ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു.