Malappuram
വൈജാത്യങ്ങളിലെ ഏകത്വമാണ് പെരുന്നാളിന്റെ മഹത്വം : കേരള മുസ്ലിം ജമാഅത്ത്
സാഹോദര്യവും പരസ്പര സഹകരണവും വഴി സ്രഷ്ടാവിലേക്കടുക്കാനുള്ള നിരന്തരമായ പരിശീലനമാണ് വിശ്വാസികള്‍ പെരുന്നാളിലൂടെ നേടിയെടുക്കുന്നത്

മലപ്പുറം | ത്യാഗവും സഹനവും ഉന്നത മൂല്യമായി ഉയര്‍ത്തിപ്പിടിച്ച് വൈജാത്യങ്ങളിലൂടെ സാധ്യമാക്കുന്ന മാനവീകതയാണ് പെരുന്നാളിന്റെ മഹത്വമെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയും ജനറല്‍ സെകട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫിയും ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
സാഹോദര്യവും പരസ്പര സഹകരണവും വഴി സ്രഷ്ടാവിലേക്കടുക്കാനുള്ള നിരന്തരമായ പരിശീലനമാണ് വിശ്വാസികള്‍ പെരുന്നാളിലൂടെ നേടിയെടുക്കുന്നത്. എല്ലാത്തരം ആര്‍ഭാടങ്ങളില്‍ നിന്നും വിട്ടുനിന്ന് ആലംബഹീനര്‍ക്കത്താണിയായി സര്‍വ്വശക്തന്റെ പ്രീതി യിലായിരിക്കണം പെരുന്നാളാഘോഷം സ്‌നേഹോഷ്മളമായ പാരസ്പര്യത്തിന്റെ വിളംബരപ്പെടുത്തലായി പെരുന്നാളാഘോഷത്തെ കാണാന്‍ നമുക്കാവണം.
അനുദിനം വിദ്വേഷം വിതറുന്നവര്‍ക്കും ജീര്‍ണതകളുടെ ഉപാസകര്‍ക്കും വീണ്ടുവിചാരത്തിന്റെ സന്ദേശം പകരുന്ന പെരുന്നാളാകട്ടേ നമുക്കീ ബലി പെരുന്നാള്‍. എല്ലാവര്‍ക്കും സ്‌നേഹത്തില്‍ ചാലിച്ച സന്തോഷപ്പെരുന്നാള്‍ ആശംസിക്കുന്നു.