Connect with us

ഫീച്ചർ

വൈവിധ്യങ്ങളുടെ ഒരുമ; സാഹിത്യോത്സവിന്റെ പെരുമ

പ്രഥമ ദേശീയ സാഹിത്യോത്സവിന് തിരശ്ശീല വീഴുമ്പോൾ ഒട്ടനവധി ഹാമിദുമാരുടെ പുതിയ സ്വപ്നങ്ങൾക്കാണ് നിറംപകർന്നത്. ഇരുപതിലധികം സംസ്ഥാനങ്ങളിലെ കലാകാരന്മാർ അറുപതോളം മത്സരങ്ങളിൽ മാറ്റുരച്ചപ്പോൾ പുതു ചരിതം രചിച്ചതും ഈ കാരണങ്ങൾ കൊണ്ടെല്ലാമാണ്. ഇന്ത്യയുടെ വടക്ക് കശ്മീർ മുതൽ തെക്ക് കന്യാകുമാരി വരെയും പടിഞ്ഞാറ് ഗുജറാത്ത് മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൊക്കെയും പ്രകമ്പനം തീർത്ത് സാഹിത്യോത്സവ് രാജ്കോട്ടിൽ സമാപ്തി കുറിച്ചത് നാളേക്കുള്ള ഒരുപറ്റം പ്രതീക്ഷകൾക്ക് വിത്തേകി കൊണ്ടാണ്.

Published

|

Last Updated

അരക്ഷിതമായ ഭൂതകാലങ്ങളെ ഓർത്തെടുത്തു സംസാരിക്കുകയായിരുന്നു ഗുജറാത്തുകാരനായ ഹാമിദ് റസ. നടുക്കുന്ന ഓർമകളാണ് ഹാമിദ് കേട്ടുവളർന്നത്. ഉപ്പയുടെ കഥകളിലെ വേദനയും നിരാശകളും നിറഞ്ഞ ജീവിതത്തിൽ നിന്ന് പുതിയ വെളിച്ചങ്ങളിലേക്ക് നടന്നുവന്നതിന്റെ നിറവിലാണ് ഹാമിദുള്ളത്. സാഹിത്യോത്സവിനെക്കുറിച്ച് ഹാമിദിന് ഏറെ പറയാനുണ്ട്. പ്രഥമ ദേശീയ സാഹിത്യോത്സവിന് ആഥിത്യമരുളിയ, അതിലുപരി അതിൽ മത്സരിച്ചു കഴിഞ്ഞതിന്റെയും ചാരിതാർഥ്യം ആ മുഖത്ത് നിറയുന്നുണ്ടായിരുന്നു. പോർബന്തർ സ്വദേശിയായ റസക്കിത് കന്നിയങ്കമായിരുന്നെങ്കിലും കൈനിറയെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുമുണ്ട്. സാഹിത്യോത്സവിലെ ആദ്യ മത്സരഫലം തന്നെ തന്റെ പേരിലായതിന്റെ അമ്പരപ്പ് മാറും മുന്നെ വീണ്ടും ഒന്ന്, രണ്ട് സ്ഥാനങ്ങൾ റസയെ തേടിയെത്തിയിരുന്നു. ഗുജറാത്ത് മർകസ് സ്ഥാപനമായ എ ഐ എൽ ടിയിലെ വിദ്യാർഥിയായ ഹാമിദ് റസയുടെ ജീവിത കഥകളിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ വിദ്യ നൽകി സമുദ്ധരിക്കാനുള്ള ശ്രമങ്ങളുടെ വിജയഗാഥകളും നമുക്ക് കണ്ടെത്താനാകും.

പ്രഥമ ദേശീയ സാഹിത്യോത്സവിന് തിരശ്ശീല വീഴുമ്പോൾ ഒട്ടനവധി ഹാമിദുമാരുടെ പുതിയ സ്വപ്നങ്ങൾക്കാണ് നിറംപകർന്നത്. ഇരുപതിലധികം സംസ്ഥാനങ്ങളിലെ കലാകാരന്മാർ അറുപതോളം മത്സരങ്ങളിൽ മാറ്റുരച്ചപ്പോൾ പുതുചരിതം രചിച്ചതും ഈ കാരണങ്ങൾ കൊണ്ടെല്ലാമാണ്. ഇന്ത്യയുടെ വടക്ക് കശ്മീർ മുതൽ തെക്ക് കന്യാകുമാരി വരെയും പടിഞ്ഞാറ് ഗുജറാത്ത് മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൊക്കെയും പ്രകമ്പനം തീർത്ത് സാഹിത്യോത്സവ് രാജ്കോട്ടിൽ സമാപ്തി കുറിച്ചത് നാളേക്കുള്ള ഒരുപറ്റം പ്രതീക്ഷകൾക്ക് വിത്തേകിക്കൊണ്ടാണ്.

വൈവിധ്യങ്ങളുടെ ഇന്ത്യയെ ആഘോഷമാക്കുന്നു

കശ്മീരിയും ബംഗാളുകാരനും മലയാളിയും പഞ്ചാബിയും മണിപ്പൂരിയും ബീഹാരിയും എന്ന് തുടങ്ങി വൈവിധ്യമായ ഒരിന്ത്യയെ ഒരൊറ്റ ഫ്രെയിമിൽ ഉൾപ്പെടുത്താനായി എന്നതാണ് സാഹിത്യോത്സവിന്റെ വിജയം. കല കത്തിപ്പടർന്നപ്പോൾ ഭാഷാന്തരങ്ങൾക്കിടയിലെ അതിർവരമ്പുകൾ പാടെ അപ്രസക്തമാകുകയായിരുന്നു. പല ഭാഷകൾ സംസാരിക്കുന്ന പല വേഷക്കാരും ദേശക്കാരുമായ ഒരു പറ്റം മനുഷ്യർ നാല് ദിനം ഒത്തുകൂടി പരസ്പരം മിണ്ടിയും പറഞ്ഞും ദിനങ്ങളെ പ്രസരിപ്പിച്ച് നിർത്തിയത് പലമയിലെ ഒരുമ എന്നല്ലാതെ മറ്റെന്ത് വിളിക്കാനാകും. അതിരുകളില്ലാത്ത സ്നേഹ സൗഹൃദങ്ങളിലൂടെ, സർഗാവിഷ്കാരങ്ങളിലൂടെ വൈവിധ്യങ്ങളുടെ ഇന്ത്യയെ സാഹിത്യോത്സവ് ആഘോഷമാക്കി.

ആദ്യ ദേശീയ സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തന്നെ അത്യധികം ആവേശപൂർണമായ ഒരുക്കത്തിലായിരുന്നു ഗുജറാത്ത്. രാജ്കോട്ടിലെ തുർക്കി ബാപ്പു മഖാം പരിസരത്തെ വിശാലമായ എ ഐ എൽ ടി ക്യാമ്പസ് സാഹിത്യോത്സവിനെ വരവേൽക്കാൻ എല്ലാ തലത്തിലും പൂർണ സജ്ജമായിരുന്നു. ഗുജറാത്തിലെ സംഘടനാ പ്രവർത്തകരും സ്ഥാപന മേധാവികളും വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെ സാധ്യമാക്കിയത് ആരുടെയും മനം കവരുന്ന ആതിഥേയത്വമായിരുന്നു. ഒടുവിൽ സാഹിത്യോത്സവിന് സമാപ്തി കുറിച്ച് മടങ്ങുന്ന ഓരോ മത്സരാർഥിയും സംഘാടകനും പ്രത്യേകമായി എടുത്തു പറഞ്ഞതും ആതിഥേയത്വവും സംഘാടനവുമായിരുന്നു. വിവിധ ദേശക്കാരായ കൂട്ടുകാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളുറപ്പു വരുത്താനുള്ള റിസെപ്ഷൻ ടീമിന്റെ നിശ്ചയധാർട്യം പോലെ തന്നെയായിരുന്നു അവരുടെ പ്രവർത്തനവും.


ഒത്തിരിപ്പിന്റെ പാഠം പകർന്ന “ഗ്രാമോത്സവ’ങ്ങൾ

ഇന്ത്യയിലെ ഒരുപാട് ഗ്രാമങ്ങൾക്ക് ഇതുവരെ ലഭിക്കാതിരുന്ന, അറിയാതിരുന്ന പുതിയ ആകാശങ്ങളിലേക്കുള്ള അവസരമൊരുക്കുകയായിരുന്നു സാഹിത്യോത്സവ്. രാജ്യത്തങ്ങോളമിങ്ങോളമുള്ള വിദ്യാർഥികളും യുവാക്കളും ഈയൊരു സാംസ്കാരിക മഹാസംഗമത്തിന്റെ ഭാഗമായി മാറി. മത്സരങ്ങളിലൂടെയും സാഹിത്യ ചർച്ചകളിലൂടെയും പ്രതിഭാ സംഗമങ്ങളിലൂടെയും അതിന്റെ സംഘാടനങ്ങളിലൂടെയും അവർ രാകി മിനുക്കപ്പെട്ടു. ഇന്ത്യയിലെ ഗ്രാമങ്ങളിൽ അവരുടെ നാടിന്റെ ഉത്സവമായി കൂടി സാഹിത്യോത്സവ് മാറുകയായിരുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെയും ഗുജറാത്ത് മുതൽ മണിപ്പൂർ വരെയും ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ സംസ്ഥാനം, ജില്ല, ഡിവിഷൻ, സെക്ടർ, യൂനിറ്റ്/ ഗ്രാമം തലങ്ങളിലായി 15,000 ലധികം സാഹിത്യോത്സവുകൾ നടന്നു. അതിന്റെ ഗ്രാൻഡ് ഫൈനൽ കൂടിയാണ് ദേശീയ സാഹിത്യോത്സവിന്റെ ആദ്യ പതിപ്പോടു കൂടി ഗുജറാത്തിലെ രാജ്‌കോട്ടിൽ പൂർത്തിയായത്.

പാട്ടുകൾ, പ്രഭാഷണങ്ങൾ, ഖുർആൻ പാരായണം, നഅത്ത്, മൻഖബ, കഥ, കവിത, ഉപന്യാസ രചനകൾ, പരമ്പരാഗതവും പ്രാദേശികവുമായ രചനകൾ തുടങ്ങി നൂറിലധികം ഇനങ്ങളിൽ യുവകലാകാരന്മാരും ഗായകരും വിദ്യാർഥികളും അണിനിരന്ന ഊർജസ്വലവും വർണാഭമായതുമായ മത്സരങ്ങളാണ് ഗ്രാമങ്ങളിൽ സാഹിത്യോത്സവിന് പ്രധാനമായും ആകർഷണമേറ്റിയത്. കലയും നാടോടി ഇനങ്ങളും കൂടാതെ, ഇംഗ്ലീഷ്, അറബിക്, ഉറുദു, ഹിന്ദി എന്നിവക്ക് പുറമെ നിരവധി പ്രാദേശിക ഭാഷകളിലും സാഹിത്യോത്സവ് നിറഞ്ഞു നിന്നു. കെ ജി , എൽ പി, യു പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, ക്യാമ്പസ്, സീനിയർ, ജനറൽ വിഭാഗങ്ങൾ എന്നിങ്ങനെ വിവിധ പ്രായ തലങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ദേശീയ സാഹിത്യോത്സവ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം സംസ്ഥാനതല വിജയികളുടെ കഴിവുകളെ പ്രദർശിപ്പിക്കുന്നതായിരുന്നു.
വിവിധ തരത്തിലുള്ള സാംസ്കാരിക പരിപാടികൾ, വിദ്യാഭ്യാസ പരിപാടികൾ, പുസ്തകമേളകൾ, പുസ്തക ചർച്ചകൾ, സാഹിത്യം, പരിശീലനങ്ങൾ, നാടോടിക്കഥകൾ എന്നിവയും സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

ഗുജറാത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരിത്രനിയോഗം

ചരിത്ര സ്മരണകളുറങ്ങുന്ന ഗുജറാത്തിലെ രാജ്കോട്ടിന്റെ മണ്ണിന് പ്രഥമ സാഹിത്യോത്സവിന് വേദിയാകാൻ സാധിച്ചതിലൂടെ മറ്റൊരു ചരിത്രനിയോഗം കൂടിയാണ് സാധ്യമായത്. സ്മൃതിപഥങ്ങളെ പുനരാവിഷ്കരിച്ചു കൊണ്ട് തയ്യാർ ചെയ്ത വേദിയും നഗരിയും തലമുറകളുടെ ത്യാഗോജ്ജ്വല സ്മരണകളെ ജീവസ്സുറ്റതാക്കി. അഹമ്മദാബാദ് ജമാമസ്ജിദിന്റെ മാതൃകയിൽ രൂപപ്പെടുത്തിയ കവാടം നഗരിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
അന്തർ ദേശീയ- ദേശീയ-സംസ്ഥാനങ്ങളിലെ മത- സാംസ്കാരിക-സാഹിത്യ പ്രതിഭകൾ സാഹിത്യോത്സവിനെ സമ്പന്നമാക്കി. പ്രശസ്ത ഈജിപ്ഷ്യൻ കവിയും ഖത്തറ പ്രൈസ് ജേതാവുമായ അലാ ജാനീബ് ദേശീയ സാഹിത്യോത്സവിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമാപന സംഗമം ഉദ്ഘാടനം നിർവഹിച്ചു. പത്മശ്രീ ഷഹാബുദ്ധീൻ റാത്തോഡ്, പത്മശ്രീ അക്തറുൽ വാസി, മനോഹർ രതിലാൽ ത്രിവേദി, തുഷാർ എം വ്യാസ്, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഷൗക്കത്ത് നഈമി അൽ ബുഖാരി, ബഷീർ നിസാമി ഗുജറാത്ത് തുടങ്ങിയവർ കലാ – സാംസ്കാരിക സംഗമങ്ങളിലൂടെ നടക്കുന്ന പങ്കുവെക്കലുകളെക്കുറിച്ച് വിവിധ സെഷനുകളിലായി സംസാരിച്ചു.
നാല് ദിവസം സാഹിത്യോത്സവിനെ ചമയിച്ചെടുക്കുന്നതിൽ സംഘാടകർ, മീഡിയ ടീം, ടീം മാനേജർമാർ, മത്സരാർഥികൾ തുടങ്ങി ഒരുപാട് പേരുടെ കഠിന ശ്രമങ്ങൾ കൂടി ചേർത്തു വായിക്കേണ്ടതുണ്ട്.

പ്രഥമ ദേശീയ സാഹിത്യോത്സവിന്റെ കിരീടം ജമ്മു കാശ്മീർ നേടിയെടുത്തപ്പോൾ കർണാടക, കേരളം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മധ്യപ്രദേശിൽ നിന്നുള്ള ഫായിസ് ഖുറേഷിയെ കലാപ്രതിഭയായും മധ്യപ്രദേശിൽ നിന്നുള്ള നിഹാൽ അഷ്‌റഫിനെ സർഗപ്രതിഭയായും നാല് ദിനം നീണ്ട മത്സര പരിപാടികൾക്കൊടുവിൽ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സാഹിത്യോത്സവ് രണ്ടാം എഡിഷന് മധ്യപ്രദേശിലെ ഇൻഡോർ 2023ൽ വേദിയാകുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിക്കുകയും പതാക കൈമാറുകയും ചെയ്തു.
യൂനിറ്റ് സാഹിത്യോത്സവ് പരിപാടികൾ “ഗ്രാമോത്സവങ്ങൾ’ ആയി സംഘടിപ്പിക്കപ്പെട്ടപ്പോൾ ഗ്രാമത്തിലെ യുവ കലാകാരന്മാരുടെയും കുട്ടികളുടെയും കഴിവുകൾ ആഘോഷിക്കാൻ എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഒത്തുചേർന്നതിലൂടെ പുതിയ അനുഭവങ്ങളുടെ വാതായനങ്ങൾ തുറന്നുവെക്കുക കൂടിയായിരുന്നു.

കൂടാതെ, വിവിധങ്ങളായ പരിപാടികളിലൂടെയും പരിപാടികൾ രൂപപ്പെടുത്തുന്നതിലൂടെയും അതിലൂടെ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർക്ക് പരിശീലനക്കളരിയായി മാറുകയായിരുന്നു സാഹിത്യോത്സവ്. സംഘാടനത്തിന്റെയും ഇവന്റ് മാനേജ്‌മെന്റിന്റെയും പുതിയ തലങ്ങളെ പരിചയപ്പെടുത്താനും കലാവിഷ്കാരങ്ങളിലൂടെ തങ്ങളുടെ കഴിവുകൾ കണ്ടെത്താനും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്താനും സാഹിത്യോത്സവ് വഴിതുറന്നിടുകയായിരുന്നു. ലക്ഷ്യബോധം നഷ്ടപ്പെട്ടയിടത്തു നിന്ന് തലമുറയെ നേതൃത്വപാടവവും കർമകുശലതയുമുള്ളവരാക്കി സ്വപ്നങ്ങൾ സാധ്യമാണെന്ന് കൂടി സാഹിത്യോത്സവ് ബോധ്യപ്പെടുത്തുകയായിരുന്നു.

Latest