Connect with us

calicut university athletic meet

യൂനിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റ്; ആധിപത്യമുറപ്പിച്ച് ക്രൈസ്റ്റ്

മീറ്റിലെ ആദ്യ റെക്കോർഡ് ഇന്നലെ പിറന്നു

Published

|

Last Updated

തേഞ്ഞിപ്പലം | കാലിക്കറ്റ് യൂനിവേഴ്സിറ്റി അത്‌ലറ്റിക്‌ മീറ്റിന്റെ രണ്ടാം ദിനത്തിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ ആധിപത്യം. 32 ഫൈനലുകൾ പൂർത്തിയായപ്പോൾ പുരുഷ- വനിതാ വിഭാഗങ്ങളിൽ 149 പോയിന്റുമായാണ് ക്രൈസ്റ്റിന്റെ മുന്നേറ്റം.

മീറ്റിലെ ആദ്യ റെക്കോർഡ് ഇന്നലെ പിറന്നു. ലോംഗ് ജംബിൽ അന്തർദേശീയ താരം സാന്ദ്ര ബാബുവാണ് മീറ്റിൽ ആദ്യ റെക്കോർഡിട്ടത്. 6.05 മീറ്ററിലാണ് സാന്ദ്രയുടെ മീറ്റ് റെക്കോർഡ്. ക്രൈസ്റ്റ് കോളജ് പുരുഷ വിഭാഗത്തിൽ 63 പോയിന്റും വനിതാ വിഭാഗത്തിൽ 86 പോയിന്റും നേടി. ആകെ 19 സ്വർണവും 11 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയാണ് ക്രൈസ്റ്റിന്റെ തേരോട്ടം. പുരുഷ വിഭാഗത്തിൽ 33 പോയിന്റുമായി ഗുരുവായൂർ ശ്രീകൃഷ്ണ കോളജാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിവയാണ് രണ്ടാം ദിനത്തിൽ ശ്രീകൃഷ്ണ കോളജിന്റെ നേട്ടം. വനിതാ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളജിനാണ് രണ്ടാംദിനത്തിൽ രണ്ടാം സ്ഥാനം. മൂന്ന് സ്വർണവും രണ്ട് വെള്ളിയുമാണ് സെന്റ് തോമസിന്റെ സമ്പാദ്യം.

പുരുഷ വിഭാഗത്തിൽ 14 പോയിന്റുള്ള തൃശൂർ സെന്റ്്തോമസാണ് മൂന്നാം സ്ഥാനത്ത്. ഒരു സ്വർണവും മൂന്ന് വെള്ളിയുമാണ് ഇവരുടെ നേട്ടം. വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്സിയാണ് മൂന്നാം സ്ഥാനത്ത്. നാല് വെള്ളിയും ഒരു വെങ്കലവും നേടി 16 പോയിന്റോടെയാണ് മേഴ്സി മൂന്നാമതെത്തിയത്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് രണ്ട് സ്വർണവും ഒരു വെള്ളിയും നേടി 13 പോയിന്റോടെ ഒന്നാം സ്ഥാനത്തും തൃശൂർ ഗവ. അച്യുതമേനോൻ കോളജ് ഒരു സ്വർണവും രണ്ട് വെള്ളിയും നേടി 11 പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. മീറ്റിന്റെ രണ്ടാം ദിനത്തിൽ ആകെ 19 ഫൈനലുകളാണ് നടന്നത്. പുരുഷ- വനിത വിഭാഗം 20 കിലോ മീറ്റർ നടത്തം, മെൻ ആൻഡ് വുമൺ പോൾവാൾട്ട്, മെൻ ആൻഡ് വുമൺ ഡിസ്‌കസ് ത്രോ, ലോംഗ്ജംബ്, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ലോംഗ് ജംബ്, ഷോട്ട്പുട്ട്, 200 മീറ്റർ ഓട്ടം, പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസ്, വുമൺ 100 മീറ്റർ ഹർഡിൽസ്, മെൻ ട്രിപ്പിൾ ജംബ്, മെൻ ആൻഡ് വുമൺ 800 മീറ്റർ ഓട്ടം, 4×100 മീറ്റർ മെൻ ആൻഡ് വുമൺ റിലേ എന്നീ ഇനങ്ങളാണ് ഇന്നലെ പൂർത്തിയായത്. സമാപന ദിനമായ ഇന്ന് രാവിലെ ആറിന് പുരുഷ- വനിതാ വിഭാഗം 10,000 മീറ്റർ മത്സരത്തോടെ മീറ്റ് പുനരാരംഭിക്കും. തുടർന്ന് പുരുഷ- വനിതാ 1500 മീറ്റർ, ലോംഗ് ജംബ്, 200 മീറ്റർ, വനിതാ വിഭാഗം ജാവലിംഗ് ത്രോ, 4×400 മീറ്റർ റിലേ, പുരുഷ വിഭാഗം ജാവലിംഗ് ത്രോ, വനിതാ വിഭാഗം 800 മീറ്റർ, 300 മീറ്റർ പുരുഷ- വനിതാസ്റ്റീപ്പിൾ ചേസ് തുടങ്ങിയ മത്സരങ്ങൾ നടക്കും.

Latest