Connect with us

Kerala

സർവ്വകലാശാല: ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മറ്റന്നാല്‍ നിയമസഭയില്‍

ഗവര്‍ണര്‍ രാഷ്ട്രീയ ആയുധമാവുകയാണെങ്കില്‍ രാഷ്ട്രീയമായിത്തന്നെ നേരിടാനുള്ള സിപിഎം തീരുമാനമെടുത്തതോടെയാണ് ബില്‍ നിയമസഭയില്‍ എത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിന്റെ കരട് തയ്യാറായി. ബില്‍ മറ്റന്നാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന് മേധാവിത്വം ഉറപ്പാക്കും വിധമാണ് ബില്‍ തയ്യാറായത്. സമിതിയില്‍ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. 

ഗവര്‍ണറെ അനുനയിപ്പിക്കാന്‍ വി സി നിയമന ഭേദഗതി ബില്‍ മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ രാഷ്ട്രീയ കളിക്കു വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ രാഷ്ട്രീയ ആയുധമാവുകയാണെങ്കില്‍ രാഷ്ട്രീയമായിത്തന്നെ നേരിടാനുള്ള സിപിഎം തീരുമാനമെടുത്തതോടെയാണ് ബില്‍ നിയമസഭയില്‍ എത്തുന്നത്.

വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സര്‍ച്ച് കമ്മിറ്റിക്ക് പകരം അഞ്ച് അംഗ സമിതിയെ ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ ഗവര്‍ണറുടെ യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികള്‍ മാത്രമാണ് സമിതിയില്‍ ഉണ്ടാവുക.  പുതുതായി വരുന്ന രണ്ട് അംഗങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ നോമിനിയാവും.  പുതുതായി വരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാകും കണ്‍വീനര്‍. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ മുന്നോട്ട് വെക്കുന്ന പാനലില്‍ നിന്ന് ഗവര്‍ണ്ണര്‍ വിസിയെ നിയമിക്കണം. ഇതോടെ വി സി നിയമനത്തില്‍ സര്‍ക്കാര്‍ താല്‍പര്യം നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് നിമയസഭയില്‍ സര്‍ക്കാര്‍ ബില്‍ പാസ്സാക്കും. ഗവര്‍ണര്‍ ഒപ്പിട്ടാലെ ബില്‍ നിയമമാവുകയുള്ളൂ. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാന്‍ ബാധ്യസ്ഥനാണ്. സര്‍ക്കാറുമായി ഏറ്റുമുട്ടലിന്റെ പാത തുടരാനാണ് ഗവര്‍ണര്‍ തീരുമാനിക്കുന്നതെങ്കില്‍ ഈ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest