Sexual Abuse
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേസെടുത്തു
സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി
കോഴിക്കോട് | യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നഗ്‌ന ചിത്രം അയച്ചു നല്‍കിയ കുറ്റത്തിന് ഐ ടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് പറഞ്ഞ യുവാവ് കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും യുവാവ് മൊഴിനല്‍കിയിട്ടുണ്ട്.
2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.