Connect with us

narcotic jihad

അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം:  മുസ്ലിം ജമാഅത്ത്

"കേരളത്തിൽ മുസ്‌ലിം, ക്രൈസ്തവസമുദായങ്ങളിൽ നിലനിൽക്കുന്ന സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായിക്കൂടാത്തതാണ്. പാലാ രൂപതയുടെ ബിഷപ്പ് നടത്തിയ ചില പരാമർശങ്ങൾ തികച്ചും അനുചിതമായിപ്പോയി. അതൊഴിവാക്കാമായിരുന്നു"

Published

|

Last Updated

കോഴിക്കോട് | രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഭിന്നിപ്പുകളുടെയും അകറ്റിനിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റൽ നിലനിൽക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്റെയും പാഠങ്ങൾ ലോകത്തിനു പകർന്നുനൽകാൻ ബാധ്യതപ്പെട്ട മതനേതൃത്വങ്ങൾ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട്. മതസംഞ്ജകളെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് വർഗീയശക്തികളെയായിരിക്കും സന്തോഷിപ്പിക്കുക . അന്യന്റെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നതിനോ പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ മതത്തിലേക്ക് ആളെക്കൂട്ടുന്നതിനോ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. എന്നല്ല, അത്തരം തെറ്റായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്ലാമിന്റെ മൂല്യവിഭാവന. എന്നിരിക്കെ ജിഹാദ് എന്ന ഇസ്ലാമിക സംജ്ഞയെ മതപരിവർത്തനത്തിലേക്ക് ചേർത്തുപറയുന്നത് മതത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തതിന്റെ പ്രശ്നമാണ്.

വിവിധ മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാൻ ആരും തുനിയരുത്. കേരളത്തിൽ മുസ്‌ലിം, ക്രൈസ്തവസമുദായങ്ങളിൽ നിലനിൽക്കുന്ന സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായിക്കൂടാത്തതാണ്. പാലാ രൂപതയുടെ ബിഷപ്പ് നടത്തിയ ചില പരാമർശങ്ങൾ തികച്ചും അനുചിതമായിപ്പോയി. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വർഗീയധ്രുവീകരണത്തിനായി ദുരുപയോഗിക്കപ്പെടുന്ന കാലത്ത് കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാകാൻ മതസമൂഹങ്ങൾക്കും സമുദായനേതാക്കൾക്കും കഴിയേണ്ടതാണ്. ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തർക്കങ്ങളും വിവാദവും ഇനിയും തുടർന്നുകൂടാ. അത് സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയും. ആ പ്രസ്താവനയുടെ പേരിൽ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, കെ.കെ.അഹ്‌മദ്കുട്ടി മുസ്‌ലിയാർ,പട്ടുവം കെ.പി.അബൂബക്കർ മുസ്‌ലിയാർ,സി.മുഹമ്മദ് ഫൈസി,മാരായമംഗലം അബ്ദുൽറഹ്‌മാൻ ഫൈസി,എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സി പി സൈതലവി മാസ്റ്റര്‍,മജീദ് കക്കാട് ,എ.സൈഫുദ്ദീൻ ഹാജി പങ്കെടുത്തു.

Latest