Kerala
ദേശീയ പാതയിലെ അനാവശ്യ സിഗ്‌നല്‍ ലൈറ്റുകള്‍ അണച്ച് യാത്ര സുഗമമാക്കും, യൂ ടേണുകള്‍ അനുവദിച്ച് പരിഹാരം കാണും; കെ ബി ഗണേഷ് കുമാര്‍
യാത്രാ ദുരിതം കണ്ടറിയാന്‍ തൃശൂര്‍ മുതല്‍ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധിക്കുകയായിരുന്നു മന്ത്രി
തൃശൂര്‍|ദേശീയ പാതയിലെ അനാവശ്യ സിഗ്‌നല്‍ ലൈറ്റുകള്‍ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അനാവശ്യ സിഗ്‌നലുകള്‍ യാത്രാ കാലതാമസമുണ്ടാക്കുന്നുവെന്നും ഇവ ഒഴിവാക്കി യൂ ടേണുകള്‍ അനുവദിച്ച് പരിഹാരം കാണുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. യാത്രാ ദുരിതം കണ്ടറിയാന്‍ തൃശൂര്‍ മുതല്‍ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധിക്കുകയായിരുന്നു മന്ത്രി. ട്രാഫിക് സിഗ്‌നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് മന്ത്രിയുടെ യാത്ര.
ദേശീയ പാതയില്‍ ഏറ്റവും കൂടുതല്‍ സിഗ്‌നലുകളില്‍ കാത്ത് കിടക്കേണ്ടി വരുന്ന തൃശൂര്‍ – അരൂര്‍ പാതയിലാണ് മന്ത്രി ഇന്ന് ഇറങ്ങിയത്. ചാലക്കുടിയില്‍ അതിരപ്പിള്ളിക്ക് തിരിയുന്ന പാപ്പാളി ജംഗ്ഷനിലെ ബ്ലാങ്ക് സ്‌പോട്ട് മന്ത്രി നേരിട്ട് കണ്ടു. ദേശീയ പാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സര്‍വ്വീസ് റോഡുകള്‍ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം മന്ത്രി നല്‍കി. അനാവശ്യ സിഗ്‌നലുകളാണ് പലയിടത്തും യാത്രാ തടസ്സമുണ്ടാക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പരിശോധനയ്ക്കിടെ കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉടന്‍ പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.