Connect with us

Kerala

അനാവശ്യ പണിമുടക്ക്; പ്രവണത തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസാക്കുന്നത് പരിഗണിക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | അനാവശ്യമായി പണിമുടക്കി ജനങ്ങളെ വലയ്ക്കുന്ന പ്രവണത തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് പ്രതിസന്ധിക്കിടെ പ്രതിമാസ ശമ്പളം ലഭിക്കാതെ വലിയൊരു വിഭാഗം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിയനുകള്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ സര്‍ക്കാറിനത് 30 കോടി രൂപയുടെ അധിക ബാധ്യത വരുത്തും. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടക്കിയിട്ടില്ല. ശമ്പളം വര്‍ധിപ്പിച്ചു നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അത് ചര്‍ച്ച ചെയ്യാന്‍ കുറച്ച് സമയമാണ് ജീവനക്കാരോട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കാലം തീര്‍ത്ത പ്രതിസന്ധിയില്‍ വരുമാനം ഇല്ലാത്ത മാസങ്ങളില്‍ പോലും ശമ്പളം നല്‍കാതിരുന്നിട്ടില്ല. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest