editorial
സമാനതകളില്ലാത്ത ഇസ്റാഈല്‍ ക്രൂരത
വിശന്നവശരായി ഭക്ഷണത്തിന് കാത്തുനില്‍ക്കുകയായിരുന്ന നൂറുകണക്കിന് ഫലസ്തീനികള്‍ക്കു നേരേ ഇസ്റാഈല്‍ സൈന്യം നിഷ്‌കരുണം നിറയൊഴിക്കുകയായിരുന്നു. 104 ഫലസ്തീനികള്‍ വെടിയേറ്റ് പിടഞ്ഞു മരിക്കുകയും 800ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെ അതിനിഷ്ഠൂരവും അത്യപൂര്‍വവുമായ ചെയ്തിയെന്നാണ് ഈ കൂട്ടക്കൊലയെ ലോകം വിലയിരുത്തുന്നത്.
ആഗോള ജനതയെ ഒന്നടങ്കം നടുക്കിയ കൊടും ക്രൂരതയാണ് കഴിഞ്ഞ ദിവസം ഗസ്സയില്‍ നടന്നത്. വിശന്നവശരായി ഭക്ഷണത്തിന് കാത്തുനില്‍ക്കുകയായിരുന്ന നൂറുകണക്കിന് ഫലസ്തീനികള്‍ക്കു നേരേ ഇസ്റാഈല്‍ സൈന്യം നിഷ്‌കരുണം നിറയൊഴിക്കുകയായിരുന്നു. 104 ഫലസ്തീനികള്‍ വെടിയേറ്റ് പിടഞ്ഞു മരിക്കുകയും 800ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗസ്സ അല്‍റശീദ് തെരുവിലാണ് സംഭവം.
പ്രദേശത്തേക്കുള്ള സഹായം ഇസ്റാഈല്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഫലസ്തീനികള്‍ അവിടെ ഭക്ഷണത്തിനായി കാത്തുനിന്നത്. യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെ അതിനിഷ്ഠൂരവും അത്യപൂര്‍വവുമായ ചെയ്തിയെന്നാണ് ഈ കൂട്ടക്കൊലയെ ലോകം വിലയിരുത്തുന്നത്. ഗസ്സയില്‍ നിന്ന് വ്യാഴാഴ്ച പുറത്തു വന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. 30,000 കവിഞ്ഞിരിക്കുകയാണ് ഇതോടെ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം.
എതിര്‍പക്ഷത്തെ തോന്നുംപടി, പൈശാചികമായി കൊന്നൊടുക്കാനുള്ളതല്ല യുദ്ധം. അതിനുമുണ്ട് ചില മര്യാദകള്‍. നിരപരാധികളെയും യുദ്ധമുഖത്തില്ലാത്ത കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നത് യുദ്ധക്കുറ്റമാണ്. എന്നാല്‍ ഇസ്റാഈല്‍ യുദ്ധത്തിന്റെ തുടക്കം മുതലേ യുദ്ധനിയമങ്ങളും എല്ലാ മാനുഷിക മര്യാദകളും ലംഘിച്ച് സ്ത്രീകളെയും കുട്ടികളെയും നിരപരാധികളെയും കൊന്നൊടുക്കുകയാണ്. ഇതിനകം ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്.
ഹമാസ് പോരാളികളെ നിര്‍വീര്യമാക്കുകയാണ് ലക്ഷ്യമെന്നാണ് യുദ്ധം തുടങ്ങിയപ്പോള്‍ നെതന്യാഹു പറഞ്ഞിരുന്നതെങ്കിലും ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ തുടച്ചു നീക്കുകയാണ് അവരുടെ പദ്ധതിയെന്നാണ് യുദ്ധമുഖത്ത് നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ ആശുപത്രികള്‍ക്കു നേരേ ബോംബിംഗ് നടത്തുന്നതിന്റെയും ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നവര്‍ക്കു നേരേ തിരയുതിര്‍ക്കുന്നതിന്റെയും ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നും ഇന്ധന വിതരണവും തടയുന്നതിന്റെയും പിന്നിലെ താത്പര്യമെന്ത്? ജൂതര്‍ക്കെതിരെ ഹിറ്റ്ലര്‍ നടത്തിയ, ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയായി കണക്കാക്കപ്പെടുന്ന ഹോളോകോസ്റ്റിനേക്കാള്‍ ക്രൂരമായ വംശഹത്യയാണ് നെതന്യാഹുവിന്റെ സൈന്യം നടത്തിവരുന്നുത്.
ബ്രസീല്‍ പ്രസിഡന്റിനെ പോലുള്ള മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരെല്ലാം ഇക്കാര്യം തുറന്നു പറയുന്നു. ‘യുദ്ധമല്ല, വംശഹത്യയാണ് ഗസ്സ മുനമ്പില്‍ നടക്കുന്നത്. സൈന്യം സൈന്യത്തിനു നേരേ നടത്തുന്ന യുദ്ധമല്ല, വന്‍ തയ്യാറെടുപ്പ് നടത്തിയ സൈന്യവും കുട്ടികളും സ്ത്രീകളും തമ്മിലുള്ള യുദ്ധമാണ്. ജൂതരെ കൊന്നൊടുക്കാന്‍ ഹിറ്റ്ലര്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് ചരിത്രത്തില്‍ മുമ്പ് സമാനമായ കൂട്ടക്കൊല (ഹോളോകോസ്റ്റ്) നടന്നത്’- രണ്ടാഴ്ച മുമ്പ് ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിക്കായി എത്യോപ്യയിലെ അഡിസ് അബാബയില്‍ എത്തിയ ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ പ്രസ്താവം നടത്തിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയും ഗസ്സയിലെ വംശഹത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സ ആക്രമണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക ഇസ്റാഈലിനെതിരെ ഫയല്‍ ചെയ്ത വംശഹത്യാ കേസ് തള്ളണമെന്ന ആവശ്യത്തോട് പ്രതികരിക്കവെയാണ്, ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തി വരുന്നത് വംശഹത്യയാണെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹരജി പരിഗണിക്കുമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കിയത്.
മനസ്സാക്ഷിയുള്ള ജൂതര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തതാണ് ഇസ്റാഈല്‍ ഭരണകൂടവും നെതന്യാഹുവിന്റെ സൈന്യവും കാണിക്കുന്ന ക്രൂരതകള്‍. ഇസ്റാഈലിന്റെ ഫലസ്തീന്‍ വേട്ടയെ അപലപിച്ചും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തെ പിന്തുണച്ചും ഇതിനിടെ അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ 37 ജൂത വിദ്യാര്‍ഥികള്‍ തുറന്ന കത്തെഴുതിയത് ശ്രദ്ധേയമാണ്. ‘ഹമാസ് ആക്രമണമാണല്ലോ നിലവിലെ ഇസ്റാഈല്‍ യുദ്ധത്തിനു കാരണമായി പറയപ്പെടുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമിക്കുന്നിതിനു മുമ്പ് ഏഴര പതിറ്റാണ്ടായി ഫലസ്തീനികള്‍ക്കു നേരേ ഇസ്റാഈല്‍ വംശീയ വിവേചനവും അധിനിവേശവും നടത്തി വരികയാണെന്നും ഹമാസ് നടത്തുന്ന അക്രമങ്ങളെ ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് വേര്‍പ്പെടുത്തി കാണാനാകില്ലെ’ന്നും കത്തില്‍ ജൂതവിദ്യാര്‍ഥികള്‍ പറയുന്നു.
ഇസ്റാഈലിനു സംരക്ഷണവും സഹായവും നല്‍കുന്ന അമേരിക്കയില്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ ഇസ്റാഈല്‍-ജൂത വിരുദ്ധ വികാരവും ചിന്താഗതിയും ശക്തമാണ്. ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി, കൊളംബിയ യൂനിവേഴ്സിറ്റി തുടങ്ങിയ ആഗോള പ്രശസ്ത സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി സമൂഹം ഹമാസിനെ പിന്തുണച്ച് രംഗത്തു വരികയുണ്ടായി. സാമൂഹിക മാധ്യമങ്ങളില്‍ ഇസ്റാഈലിനെതിരെ പോസ്റ്റിട്ടവരില്‍ ഈ സ്ഥാപനങ്ങളിലെ പ്രൊഫസര്‍മാരും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനികന്‍ ആരോണ്‍ ബുഷ്നെലിന്റെ ആത്മഹത്യയും ഇസ്റാഈല്‍ ക്രൂരതയോടുള്ള മനുഷ്യ മനസ്സാക്ഷിയുടെ കടുത്ത വിയോജിപ്പിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
പിഞ്ചുകുഞ്ഞുങ്ങളെയടക്കം പതിനായിരക്കണക്കിനു ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്റാഈലിന് പിന്തുണ നല്‍കുന്ന അമേരിക്കന്‍ ഭരണകൂട നയത്തില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ഞായറാഴ്ച വാഷിംഗ്ടണ്‍ ഡി സിയിലെ ഇസ്റാഈല്‍ എംബസിക്കു മുന്നില്‍ അമേരിക്കന്‍ വ്യോമസേനയിലെ ആരോണ്‍ ബുഷ്നെല്‍ തീകൊളുത്തി മരിച്ചത്. തന്റെ സമ്പാദ്യം ഫലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ടിലേക്ക് നല്‍കിയതായി വില്‍പത്രം എഴുതി വെച്ച ശേഷമായിരുന്നു ആത്മഹത്യ. ശരീരത്തില്‍ തീ ആളിപ്പടരുമ്പോള്‍ ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് ആരോണ്‍ ബുഷ്നെല്‍ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.