Connect with us

Kerala

അംഗീകാരമില്ലാത്ത പത്തനംതിട്ട ഗവ. നഴ്‌സിംഗ് കോളേജ്; വിദ്യാര്‍ഥികള്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ നേഴ്‌സിംഗ് കോളജിനെയും അറുപതോളം വിദ്യാര്‍ത്ഥികളെയും മന്ത്രി അവണിക്കുന്നതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് വന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട |  അഗീകാരമില്ലാത്ത കോളജില്‍ പ്രവേശിപ്പിച്ച് തങ്ങളുടെ ഭാവി തകര്‍ത്തതില്‍ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലതവണ അറിയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ നേഴ്‌സിംഗ് കോളജിനെയും അറുപതോളം വിദ്യാര്‍ത്ഥികളെയും മന്ത്രി അവണിക്കുന്നതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് വന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കോളജിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ജനറല്‍ ആശുപത്രി പടിക്കല്‍ എത്തി പ്രതിഷേധയോഗം നടത്തിയതിന് ശേഷമാണ് മന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്. മാക്കാംകുന്നില്‍ മന്ത്രിവീണാജോര്‍ജി ന്റെ ഓഫീസിന് സമീപം മാര്‍ച്ച് പോലീസ തടഞ്ഞു.
യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് കോളജ് ജംഗ്ഷനിലുള്ള കെട്ടിടത്തില്‍ നഴ്‌സിംഗ് കോളജ് പ്രവര്‍ത്തിക്കുന്നത് .കസേരകള്‍ക്കിടയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത മുറിയിലാണ് 60 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കുന്നത്. ക്ലാസ് മുറിക്ക് നടുവിലെ തൂണുകള്‍ കാരണം അധ്യാപകരെ കാണാന്‍ കഴിയാത്തതും തിരക്കേറിയ റോഡിലെ ശബ്ദം കാരണം പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ക്ലാസ് കേള്‍ക്കാന്‍ കഴിയാത്തതും കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. ഹോസ്റ്റല്‍ ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ കുട്ടികള്‍ വന്‍ തുക ചെലവാക്കിയാണ് ഒന്നര കിലോമീറ്ററോളം ദൂരെയുള്ള സ്വകാര്യ കെട്ടിടങ്ങളില്‍ താമസിക്കുന്നത്. 16 കിലോമീറ്റര്‍ ദൂരെയുള്ള കോന്നി മെഡിക്കല്‍ കോളേജിലേക്ക് കുട്ടികള്‍ പരിശീലനത്തിന് പോകുന്നതും കുട്ടികള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. പഠിച്ച് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്യോഗം.

സാമ്പത്തിക ചെലവ് താങ്ങാന്‍ ആകാതെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ഥിനി പഠനം അവസാനിപ്പിച്ചു എന്ന് കുട്ടികള്‍ പറഞ്ഞു. 54 പെണ്‍കുട്ടികള്‍ക്കായി ഒരു ടോയ്ലറ്റ് മാത്രമുള്ള കെട്ടിടം കോളേജിനായി തിരഞ്ഞെടുത്ത മനുഷ്യത്വരഹിതമായ സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. മതിയായ സൗകര്യങ്ങളുള്ള കോളേജ് കെട്ടിടം, ആവശ്യത്തിന് അധ്യാപകര്‍, ലാബ് സൗകര്യം, ഹോസ്റ്റല്‍, കോളേജ് ബസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കി കോളേജിന് അംഗീകാരം നേടുക. ഇല്ലെങ്കില്‍ തങ്ങളുടെയും അടുത്ത ബാച്ചില്‍ പ്രവേശനം കാത്തു നില്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെയും ഭാവി തകരും. അടിയന്തരമായി മന്ത്രിയും സര്‍ക്കാരും ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.