National
വീണ്ടെടുക്കാനായില്ല രാജീവ് വധം: സുപ്രധാന രഹസ്യരേഖകൾ കാണാതായതായി വെളിപ്പെടുത്തൽ
1991-ൽ രാജീവ് ഗാന്ധിയുടെ വധത്തിനുപിന്നാലെ ഈ രേഖകൾ അപ്രത്യക്ഷമായതായി സുരക്ഷാകാര്യ വിദഗ്ധനായ നമിത് വർമയാണ് വെളിപ്പെടുത്തിയത്
ന്യൂഡൽഹി | മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവൻ അപകടത്തിലെന്ന് വ്യക്തമാക്കുന്ന സുപ്രധാന രഹസ്യരേഖകൾ കാണാതായതായി വെളിപ്പെടുത്തൽ. ഇസ്റാഈൽ ഇന്ത്യക്ക് കൈമാറിയ രേഖകളിൽ ചിലതാണ് കാണാതായത്. 1991-ൽ രാജീവ് ഗാന്ധിയുടെ വധത്തിനുപിന്നാലെ ഈ രേഖകൾ അപ്രത്യക്ഷമായതായി സുരക്ഷാകാര്യ വിദഗ്ധനായ നമിത് വർമയാണ് വെളിപ്പെടുത്തിയത്. അന്തർദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാവിഷയങ്ങളും നിരീക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന യുസാനസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“സമീപകാല ചരിത്രത്തിൽ, കഴിഞ്ഞ മൂന്ന്, നാല് പതിറ്റാണ്ടുകൾക്കിടെ, ഇസ്റാഈൽ ഇന്ത്യയുമായി പങ്കുവെച്ച വിവരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജീവ് ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളായിരുന്നു. ഒടുവിൽ ആ ഭീഷണി യാഥാർഥ്യമായി. അദ്ദേഹത്തിന്റെ മരണത്തോടെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞു. രാഷ്ട്രങ്ങൾ ദൈനംദിനാടിസ്ഥാനത്തിൽ സഹകരിച്ചു പ്രവർത്തിക്കേണ്ടതായിരുന്നു. എന്നാൽ ഇസ്റാഈലിൽ നിന്ന് ലഭിച്ച ആ രേഖകൾ മാറ്റിവെക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തു നമിത് വർമ പറഞ്ഞു. “ഇക്കാര്യത്തിനായി പണം നൽകിയതായി സൂചനയുണ്ടായിരുന്നു. “ഗോഡ്മാൻ’ പണം നൽകി എന്നാണ് രേഖയിലുണ്ടായിരുന്നത്.
ആ വിവരങ്ങൾ രേഖപ്പെടുത്തപ്പെട്ടിരുന്നു, രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം അറിയാമായിരുന്നു. അവർ രാജീവ് ഗാന്ധിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു, പക്ഷേ അന്നത്തെ സർക്കാർ അത് അനുവദിച്ചില്ല.
മറ്റ് ഫയലുകളുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ ആ രേഖകൾ ഞങ്ങൾ പുനർനിർമിച്ചു. ഈ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും ഇസ്റാഈൽ നൽകിയില്ല. രാഷ്ട്രങ്ങൾക്കിടയിലെ നയതന്ത്രവിവര കൈമാറ്റങ്ങളിൽ രാഷ്ട്രീയത്തിനുള്ള സ്വാധീനം എത്ര വലുതാണെന്നുള്ളതിന് ഇതിലും വലിയ തെളിവ് ഉണ്ടാകില്ല.
ആ സമയത്ത് ഒരു നിർണായക ഘട്ടത്തിലായിരുന്നു ഇന്ത്യ, അന്ന് സോവിയറ്റ് യൂനിയൻ വിഘടിച്ചിരുന്നില്ല, യു എസിനും സോവിയറ്റ് യൂനിയനും ഇടയിൽ ഇന്ത്യ ഒരു സമാന്തര ചാലകമായി പ്രവർത്തിക്കുകയായിരുന്നു. ആ ആശയവിനിമയത്തിൽ രാജീവ് ഗാന്ധിയും ഭാഗമായിരുന്നു അദ്ദേഹം പറഞ്ഞു. ആഗോള സമവാക്യങ്ങളിൽ വ്യതിയാനം ഉണ്ടാകുന്ന അവസരങ്ങളിലോ നിലവിലെ സാഹചര്യങ്ങളിൽ വ്യത്യാസം വരുന്ന അവസരങ്ങളിലോ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.