cover story
കഥകളുറങ്ങാത്ത തെരുവ് ജീവിതങ്ങള്‍
നാടോടികളുടെ ജീവിതം വിഭിന്നമാണ്. അരവയര്‍ നിറയ്ക്കാന്‍ നാടാകെയോടുമ്പോഴും ജീവിത നിലവാരമൊട്ടുമുയരാതെ ആകാശം മേല്‍ക്കൂരയാക്കി ജീവിച്ചുതീര്‍ക്കുകയാണവര്‍. രാത്രികളുടെ യാമങ്ങളില്‍ നഗര പ്രാന്തങ്ങളിലോ കടത്തിണ്ണകളിലോ ആളും ആരവവും നിറഞ്ഞയിടങ്ങളിലോ ഇരുട്ടിന്റെ ഓരങ്ങളിലോ ചുരുണ്ടുകൂടി ആയുസ്സ് കഴിച്ചുകൂട്ടുന്ന മനുഷ്യ ജീവനുകള്‍. നഗരങ്ങളിലെ രാത്രി ജീവിതങ്ങളെ മനുഷ്യപ്പറ്റോടെ കണ്ണോടിച്ചുനോക്കിയാല്‍ നോവിപ്പിക്കുന്ന ദയനീയ രംഗങ്ങള്‍ കാണാനാകും.
കടല്‍ത്തിരപോലെ ആര്‍ത്തലക്കുന്ന കദന കഥകളേറെ പറയാനുണ്ട് തമിഴ്‌നാട് സ്വദേശിയായ സന്തോഷ് ശെൽവന്. പതിറ്റാണ്ടുകളായി ഭാര്യയും കുട്ടികളുമടക്കം അദ്ദേഹം കോഴിക്കോടിന്റെ തെരുവോരങ്ങളിലുണ്ട്. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയാണ് കേരളത്തിലേക്കെത്തിയതെങ്കിലും ചില സമയങ്ങളില്‍ ചിലരുടെ മട്ടും ഭാവവും കാണുമ്പോള്‍ അസ്വസ്ഥപ്പെടുമെന്ന് ശെൽവന്‍ പറയുന്നു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മേല്‍പ്പാലങ്ങളുടെ അടിഭാഗം, കടത്തിണ്ണകള്‍ തുടങ്ങി തിരക്കേറിയ ഓരങ്ങളില്‍ ജീവിതം തള്ളിനീക്കുകയാണിവര്‍.
നേരമിരുട്ടിയാല്‍ ഉറക്കം വരുന്നയിടം ഇവരുടെ പാര്‍പ്പിടമാണ്. സ്ത്രീകളും കൈക്കുഞ്ഞുങ്ങളും പ്രായമായവരുമുള്‍പ്പെടുന്ന സംഘം മണ്ണായാലും തറയായാലും ഒരു പുതപ്പോ തുണിക്കഷ്ണമോ കിടക്കയും വിരിപ്പുമാക്കി അന്തിയുറങ്ങും. രാത്രികള്‍ ഇരുട്ടിവെളുക്കുന്നത് വരെ ശെൽവന് ആശങ്കകളുടെ മണിക്കൂറുകളാണ്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉറക്കമിളച്ച് കാവല്‍ നിന്ന ദിനങ്ങളേറെയുണ്ട് ശല്‍വാന്റെ ജീവിതത്താളുകളില്‍. അത്രയേറെ അരക്ഷിതമാണ് നഗര ജീവിതമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഉഷ്ണവും ശൈത്യവും മാറി മറിയുമ്പോഴും എല്ലാ കാലങ്ങളേയും ഒരേ വികാരത്തോടെ പരാതികളൊന്നുമില്ലാതെ സ്വീകരിക്കുന്നവരാണിവര്‍. സ്ഥിരമായി ഒരു സ്ഥലത്തുതന്നെ രാത്രി കഴിച്ചുകൂട്ടുന്നവരാണ് നാടോടികളില്‍ മിക്കവരുമെങ്കിലും ആളുകളുടെ ആധിക്യവും ജോലി തേടിയുള്ള അലച്ചിലും നാട്ടുകാരുടെ മോശം പെരുമാറ്റവുമെല്ലാം ഇവരെ പല സ്ഥലങ്ങളിലേക്ക് പറിച്ചുനടാൻ പ്രേരിപ്പിക്കുന്നു. അതിഥിത്തൊഴിലാളികളുടെ കൂട്ടവും മിക്കപ്പോഴും ഇവര്‍ക്കിടയിലുണ്ടാകും. കൂട്ടത്തിലുള്ള ക്രിമിനല്‍ സ്വഭാവമുള്ള ഒറ്റപ്പെട്ടവര്‍ ഇവര്‍ക്കുതന്നെ പലപ്പോഴും ഭീഷണി സൃഷ്ടിക്കാറുണ്ട്. തിരക്കേറിയ ഭാഗങ്ങളില്‍ കുട്ടികളുള്‍പ്പെടെയുള്ളവരുടെ സാഹസിക ജീവിതം അപകടം വിളിച്ചുവരുത്തുന്നത് പതിവാണ്.
ഇക്കഴിഞ്ഞ നവംബര്‍ 26ന് കേരളം ഞെട്ടിയുണര്‍ന്നത് അത്തരമൊരു നടുക്കുന്നവാര്‍ത്ത കേട്ടായിരുന്നു. പ്രബുദ്ധ കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ തൃശൂര്‍ നഗരപ്രാന്തത്തിനടുത്ത നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുന്നു. തെരുവില്‍ ജീവിക്കുന്നവരോടുള്ള അധികാര വര്‍ഗത്തിന്റെ അശ്രദ്ധമായ സമീപനം മൂലം അഞ്ച് ജീവനുകളാണ് ഒറ്റ നിമിഷത്തിലില്ലാതായത്. സ്വജീവനെക്കാള്‍ സ്നേഹിക്കുന്ന പൊന്നോമനകളെയടക്കം ജീവിതത്തില്‍ സ്വരുക്കൂട്ടിയ മുഴുവന്‍ സമ്പാദ്യങ്ങളെയും ചേര്‍ത്തുപിടിച്ച് ഉറങ്ങിക്കിടന്ന മനുഷ്യരിലേക്കായിരുന്നു മരണം കുതിച്ചെത്തിയത്. ഒറ്റ രാത്രി കൊണ്ട് ഇല്ലാതിപ്പോയ മനുഷ്യരാണവര്‍.
ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് അതിവേഗം പാഞ്ഞടുത്ത ലോറിയെ കണ്ട് ഞെട്ടിയുണര്‍ന്ന 23കാരന്‍ അച്ചു ഇപ്പോഴും ദുരന്ത ഭീതിയില്‍ നിന്ന് മുക്തമായിട്ടില്ല. കൂടെയുണ്ടായിരുന്ന ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ 23 കാരിയായ രേവതിയെയും പിടിച്ചുവലിച്ച് ഒരു വശത്തേക്ക് ഓടി മറഞ്ഞതിനാല്‍ മാത്രമാണ് ഇരുവരുടെയും ജീവന്‍ അവശേഷിച്ചത്. രക്ഷപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും പറയാന്‍ തലനാരിഴക്ക് രക്ഷപ്പെട്ട നിരവധി അനുഭവങ്ങളുണ്ടാകാം. കേള്‍ക്കാനും പരിഹരിക്കാനും അവര്‍ക്ക് ആരുമില്ലാതെ പോയെന്ന് മാത്രം.
തൊട്ടടുത്ത ദിവസം മറ്റൊരു വാര്‍ത്ത പാലക്കാട് നിന്നും വന്നു. ചിറ്റൂര്‍ ആലാംകടവില്‍ ലോറി പാഞ്ഞുകയറി വാഹനത്തിനും തൂണിനും ഇടയില്‍പ്പെട്ട് പരുക്കേറ്റ ഉറങ്ങിക്കിടന്ന നാടോടി യുവതിയുടെ മരണം. മൈസൂരുവില്‍ നിന്നെത്തിയ നാടോടി സംഘം സമീപത്തെ കല്യാണമണ്ഡപത്തിന് മുന്നിലായിരുന്നു അടുത്ത ദിവസം വരെ കിടന്നുറങ്ങിയിരുന്നത്. രാത്രി തണുപ്പ് കൂടുതലായതും കല്യാണമണ്ഡപത്തില്‍ പരിപാടിയുള്ളതും കാരണം ഇവര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഉറക്കം മാറ്റുകയായിരുന്നു. മരിച്ച യുവതി തറയിലും മറ്റ് മൂന്ന് പേര്‍ ഇരിക്കാനായി നിര്‍മിച്ച സ്ലാബിലുമാണ് കിടന്നുറങ്ങിയിരുന്നത്. നാടോടികളുടെ ഇത്തരത്തിലുള്ള മരണ വാര്‍ത്തകള്‍ പത്രങ്ങളിലെ ചരമ കോളങ്ങളില്‍ ഒതുങ്ങിപ്പോകുന്നതിനാല്‍ വലിയ ചര്‍ച്ചകളില്ലെന്ന് മാത്രം. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളായിട്ടും തെരവുവാസികളുടെ ജീവന് വിലകല്‍പ്പിക്കുന്നില്ലെന്നതാണ് വാസ്തവം.
നാടോടുമ്പോള്‍ നെടുകെയോടുന്നതാണ് മനുഷ്യ പ്രകൃതം. എന്നാല്‍ നാടോടികളുടെ ജീവിതം ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. അരവയര്‍ നിറയ്ക്കാന്‍ നാടാകെയോടുമ്പോഴും ജീവിത നിലവാരമൊട്ടുമുയരാതെ ആകാശം മേല്‍ക്കൂരയാക്കി ജീവിച്ചുതീര്‍ക്കുകയാണവര്‍. രാത്രികളുടെ യാമങ്ങളില്‍ നഗര പ്രാന്തങ്ങളിലോ കടത്തിണ്ണകളിലോ ആളും ആരവവും നിറഞ്ഞയിടങ്ങളിലോ ഇരുട്ടിന്റെ ഓരങ്ങളിലോ ചുരുണ്ടുകൂടി ആയുസ്സ് കഴിച്ചുകൂട്ടുന്ന മനുഷ്യ ജീവനുകള്‍.
നഗരങ്ങളിലെ രാത്രി ജീവിതങ്ങളെ മനുഷ്യപ്പറ്റോടെ കണ്ണോടിച്ചുനോക്കിയാല്‍ നോവിപ്പിക്കുന്ന ദയനീയ രംഗങ്ങള്‍ കാണാനാകും. ആഗ്രഹങ്ങളും വേദനകളും പരിഭവങ്ങളുമെല്ലാമുള്ള പരിപൂര്‍ണരായ മനുഷ്യരാണവരും. എല്ലാ അഭിലാഷങ്ങളെയും ത്യജിച്ച് ഇല്ലായ്മയുടെ ഓരത്തുള്ള അവരും ഇന്ത്യക്കാരാണ്. പക്ഷേ സുരക്ഷയെന്ന വാക്കുപോലും അന്യമായിപ്പോയ, ഏത് നിമിഷവും ദുരന്തത്തിലേക്ക് വഴുതിപ്പോകാവുന്ന ദരിദ്രരും അതിദരിദ്രരുമായ നാടോടികളുടെയും തെരുവില്‍ ജീവിച്ച് തീര്‍ക്കുന്നവരുടെയും ദുരിത ജീവിതത്തിന് അറുതിവരുത്താന്‍ അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. സന്നദ്ധ സംഘടനകളോ കാരുണ്യമതികളോ നല്‍കുന്ന ഭക്ഷണപ്പൊതികളും നാണയത്തുട്ടുകളുമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ.
മെട്രോ നഗരമായ എറണാകുളത്ത് മെട്രോ തൂണുകള്‍ക്ക് താഴെയും കടത്തിണ്ണകളിലുമായി മാത്രം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങിയ മുന്നൂറോളം പേര്‍ കിടന്നുറങ്ങുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അസംഘടിത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, ഭിക്ഷയാചകര്‍, മാനസിക ശാരീരിക വൈകല്യമുള്ളവര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍, നാടോടി കച്ചവടക്കാര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ളവരാണ് തെരുവിനെ ആശ്രയിച്ച് കഴിയുന്നത്. ശൗചാലയങ്ങളുടെ സൗകര്യം, സന്നദ്ധ സംഘടനകളുടെ ഭക്ഷണം തുടങ്ങിയവയൊക്കെ പ്രതീക്ഷിച്ചാണ് മിക്കവരും നഗര ഹൃദയങ്ങളിൽ തന്നെ കൂടുറപ്പിക്കുന്നത്.
നാടോടികള്‍ നേരിടുന്ന പ്രധാന പ്രശ്നം നാട്ടുകാരെല്ലാം സംശയനിഴലില്‍ കാണുന്നുവെന്നതാണ്. പശിയടക്കാനുള്ള നെട്ടോട്ടത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ പലരും മോഷ്ടാക്കളെന്ന മുദ്രകുത്തി ഇവരെ ഉപദ്രവിക്കുന്നത് പതിവാണ്. കൃത്യമായ തിരിച്ചറിയല്‍ രേഖകളോ വിലാസമോ ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാനും തെരുവിന്റെ മക്കള്‍ക്കാകുന്നില്ല. ഇവരില്‍ ചിലര്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നവരാണെങ്കിലും നിരപരാധികളും ശിക്ഷ അനുഭവിക്കേണ്ട ദുര്‍ഗതിയാണ്. അടുത്തിടെയായി കുറുവാസംഘം ഇറങ്ങിയതിനാല്‍ തങ്ങളേയും ആ കണ്ണിലൂടെ കാണുന്നുവെന്നും തങ്ങള്‍ അങ്ങനത്തെ ആളുകളല്ലെന്നുമാണ് കോഴിക്കോട് നഗരത്തില്‍ ആക്രി വില്‍പ്പന നടത്തി ജീവിക്കുന്ന നാടോടി സംഘം പറയുന്നത്. എത്ര പറഞ്ഞാലും ചിലര്‍ക്ക് മനസ്സിലാകില്ല. മറ്റുള്ളവരുടെ ജീവനോ സ്വത്തോ തട്ടിയെടുത്ത് ജീവിക്കേണ്ട ആവശ്യമില്ലെന്നും ഇതെല്ലാം പോലീസിനോട് പറഞ്ഞാലും രക്ഷയില്ലെന്നുമാണ് നാടോടികളുടെ പരാതി.
നാടോടികള്‍ക്ക് മാത്രമല്ല, ചിലപ്പോള്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ വെല്ലുവിളിയാകാറുണ്ട് ഇവരുടെ തെരുവിലെ ഉറക്കവും കറക്കവും. വ്യാപാരകേന്ദ്രങ്ങളിലും വീടുകളിലും ഭിക്ഷാടനത്തിനും വില്‍പ്പനക്കുമായി എത്തുന്ന നാടോടി സംഘങ്ങളിലെ ചിലർ ക്രിമിനല്‍ സ്വഭാവവും കാണിക്കാറുണ്ട്. മോഷ്ടാക്കള്‍ മാത്രമല്ല, തട്ടിക്കൊണ്ടുപോയി അവയവ മോഷണം നടത്തുന്ന വന്‍ ക്രിമിനലുകള്‍ വരെ നാടോടികളുടെ കൂട്ടത്തിലുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണ്. അതാത് ഭരണകൂടങ്ങളുടെ കൈവശം പോലും നാടോടികളുടെ കൃത്യമായ കണക്കുകളില്ലെന്നതാണ് വസ്തുത. തൃശൂര്‍ ലോറി അപകടത്തിന് പിന്നാലെയാണ് നാടോടികളുടെ കണക്കെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
നാടോടികളുടെയും മറ്റുള്ളവരുടെയും സുരക്ഷക്ക് തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഏക പോംവഴി. പകല്‍ സമയങ്ങളില്‍ കഠിനാധ്വാനത്തില്‍ മുഴുകുന്നവര്‍ക്ക് രാത്രിയില്‍ തലചായ്ക്കാനുള്ളൊരിടമെങ്കിലും ഭരണകൂടമൊരുക്കേണ്ടതുണ്ട്. നാടോടികളുടെ താമസത്തിന് രാത്രികാല ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അടുത്തിടെ ശ്രമമാരംഭിച്ചത് ശ്ലാഘനീയമാണ്.