Connect with us

National

തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാനാവില്ല; അത് സനാദന ധർമം അനുവദിച്ചാലും ശരി: മദ്രാസ് ഹൈക്കോടതി

അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമായി മാറരുതെന്നും കോടതി

Published

|

Last Updated

ചെന്നൈ | തുല്യ പൗരന്മാരുള്ള രാജ്യത്ത് തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സനാതന ധർമ തത്വങ്ങൾക്കുള്ളിൽ എവിടെയെങ്കിലും അത് അനുവദനീയമാണെന്ന് കണ്ടാൽ അത് അംഗീകരിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി. ഭരണഘടനയുടെ 17ാം അനുച്ഛേദം തൊട്ടുകൂടായ്മ ഇല്ലാതാക്കിയതാണെന്നും ജസ്റ്റിസ് എൻ ശേഷസായി ചൂണ്ടിക്കാട്ടി. അതേസമയം, സനാതന ധർമം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ധാരണ തെറ്റാണെന്നും കോടതി പറഞ്ഞു.

സനാതനധർമ വിവാദത്തിൽ വിദ്യാർഥികളുടെ ചിന്തകൾ പങ്കുവെക്കാൻ ആവശ്യപ്പെട്ട് സർക്കാർ ആർട്സ് കോളജ് പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രത്യേകിച്ച് മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രസംഗത്തിൽ ആരുടെയും വികാരവും വൃണപ്പെടുത്താൻ പാടില്ല. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ശാശ്വതമായ കടമകളാണ് സനാതന ധർമമെന്നും കോടതി പറഞ്ഞു.

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ അടുത്തിടെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ, കോളറ പോലുള്ള പകർച്ച പനിയോട് ഉപമിച്ച ഉദയനിധി അതിനെ പ്രതിരോധിക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു.

Latest