Travelogue
മോറെയിലെ ആർക്കും വേണ്ടാത്ത ജന്മങ്ങൾ
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗത്തെ അതിർത്തികളിലൂടെ ബർമയിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ് അവരുടെ ഒരുകൂട്ടം വീണ്ടും തമിഴ്നാട്ടിൽ നിന്നും യാത്ര തുടങ്ങുന്നത്.
ഇതൊരു കടന്നുപോക്കാണ്. മോറെ എന്ന ഇന്ത്യ – മ്യാൻമർ അതിർത്തിയിലെ അവസാന ഗ്രാമത്തിൽ ഇപ്പോഴും ആർക്കോ വേണ്ടി ജീവിക്കുന്ന കുറെ തമിഴ്മക്കളുടെ ജീവിതത്തിലൂടെയുള്ള കടന്നുപോക്ക്. മഴ പെയ്തു തോർന്ന ഒരു മധ്യാഹ്നത്തിലാണ് കോടയിൽ പുതച്ചു നിൽക്കുന്ന ആ ഗ്രാമത്തിലേക്ക് എത്തുന്നത്. ഇംഫാലിൽ നിന്നും രാവിലെ തുടങ്ങിയ യാത്രയാണ്. ഏതു ഗ്രാമവും പട്ടണവും സജീവമാകുന്നത് വൈകുന്നേരങ്ങളിലാണ്. ഞാനും മെല്ലെ വഴിയിലേക്കിറങ്ങി. ഒരു വലിയ മഴ പെയ്തു തോർന്നുവെങ്കിലും ഇപ്പോളും അങ്ങിങ്ങായി വെള്ളത്തുള്ളികൾ ചിതറുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളി തെറിക്കാതിരിക്കാൻ പരമാവധി റോഡിൽ നിന്നും ഇറങ്ങി നടന്നു.
വേറിട്ട മോറെ
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും 110 കിലോമീറ്റർ ദൂരെ ഒരു വലിയ മലയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കൊച്ചുഗ്രാമം. മോറെയാണ് പണ്ടത്തെ ബർമയിലേക്ക് കടക്കുമ്പോഴുള്ള ഇന്ത്യയിലെ അവസാന ഗ്രാമം. ഇന്ത്യയിൽ നിന്നും തായ്്ലാൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് റോഡ് മാർഗം പോകുമ്പോഴുള്ള പ്രവേശന കവാടം. പക്ഷേ, അതിന്റെ പ്രൗഢിയൊന്നും മോറെക്കില്ല. ശാന്തമായ ഒരു ഗ്രാമം. മോറെ കഴിഞ്ഞു അതിർത്തി കടന്നാൽ മ്യാൻമറിലെ തമു ഏരിയയാണ്.
ഇവിടെയാണ് തമു മാർക്കറ്റ് ഉള്ളത്. ഇന്തോ – മ്യാന്മർ ഫ്രണ്ട്ഷിപ് ഗേറ്റിലൂടെ നമുക്ക് മ്യാൻമറിലെ ഈ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങിവരാം.
ഗ്രാമത്തിന്റെ സായാഹ്നത്തിരക്കുകളിൽ നിന്നും ഇത്തിരി മാറി നടന്നപ്പോഴാണ് ആ അന്പലം ശ്രദ്ധയിൽ പെട്ടത്. അതേ. ഒരു തമിഴ് ക്ഷേത്രം. അതും ഇവിടെ ഈ ഇന്ത്യ അവസാനിക്കുന്നയിടത്തിൽ. തികച്ചും തമിഴ് രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ആ അമ്പലത്തിൽ എല്ലാ ബോർഡുകളും തമിഴിൽ തന്നെയാണ്. ആ ഇടങ്ങളില എല്ലാ കടകളും തമിഴന്മാരുടേതാണ്. സംസാരവും തമിഴിൽ തന്നെ. പക്ഷെ പുതിയ തലമുറയുടെ സംസാരശൈലിയിൽ എന്തോ ഒരു വ്യത്യാസം അനുഭവപ്പെട്ടു.
കാര്യങ്ങൾ അറിയണം എന്നുണ്ട്. പക്ഷേ ആരോട് ചോദിക്കും..? ഒരു ചായക്കട. മഴയും ആസ്വദിച്ചു ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധൻ. ഞാനും മെല്ലെ ചായക്കടയിലേക്ക് കയറി.
“അണ്ണാ.. ഒരു ബ്ലാക്ക് ടീ കൊടണ്ണാ… ‘
തഴക്കം വരാത്ത തമിഴിൽ സംസാരിച്ച പുതിയ ആളെക്കണ്ടതിനാലാവാം വൃദ്ധൻ ഒന്ന് തിരിഞ്ഞുനോക്കി. ഞാൻ ഒരു ചിരി സമ്മാനിച്ചുകൊണ്ട് അയാൾക്കരികിലേക്കിരുന്നു.
“ജിതിൻ.. കേരളാവിലിരുന്ത് വരേ…’
ഞാൻ സ്വയം പരിചയപ്പെടുത്തി. ഒരു നാട്ടുകാരനെ കണ്ടുമുട്ടിയതിന്റെ തിളക്കം പ്രതീക്ഷിച്ച കണ്ണുകളിൽ ഞാൻ കണ്ടത് ഒരുതരം നിർവികാരതയായിരുന്നു. പ്രതീക്ഷകൾ മങ്ങിയ അതേ ഭാവത്തോടെ എരിഞ്ഞുതീരാറായ ആ ബീഡി ഒന്നുകൂടെ ആഞ്ഞുവലിച്ചു അദ്ദേഹം.
മഴത്തുള്ളികൾക്കിടയിലേക്ക് ചാരനിറത്തിലുള്ള പുകച്ചുരുളുകൾ അലിയിച്ചു ചേർത്തുകൊണ്ട് അദ്ദേഹം ചിലമ്പിച്ചു നേർത്ത ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“തമ്പീ… എൻ പേര് വന്തു അൻപരശ്.. ‘
സ്വദേശം തമിഴ്നാട്ടിൽ എവിടെ എന്ന എന്റെ ചോദ്യത്തിന് മഴയിലേക്കെറിഞ്ഞ ഒരു നിശബ്ദനോട്ടം ആയിരുന്നു മറുപടി.
എരിഞ്ഞു തീർന്ന ബീഡി മഴയിലേക്കെറിഞ്ഞ ശേഷം പുതിയതൊന്നെടുത്തു ചുണ്ടിൽ തിരുകിക്കൊണ്ട് കഥകളുടെ മാറാപ്പഴിക്കാൻ തുടങ്ങി.നൂറ്റാണ്ടുകളുടെ പഴക്കമുള്ള കഥയാണ്. ചോളരാജാക്കന്മാരുടെ കാലം തൊട്ടേ തമിഴ്‌നാടിനു ബർമയിലെ നാട്ടുരാജാക്കന്മാരുമായി വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നത്രെ. അക്കാലത്ത് തമിഴ് മക്കളെയും തമിഴ് സാധനങ്ങളും വഹിച്ചുകൊണ്ടുള്ള ഒരുപാട് കപ്പലുകൾ ബർമൻ തീരം ലക്ഷ്യമാക്കി ഇടതടവില്ലാതെ പാഞ്ഞുകൊണ്ടിരുന്നു.
വിഭിന്ന ജീവിതങ്ങൾ, വിവിധതരം വ്യാപാരങ്ങൾ
ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും നടന്ന കുടിയേറ്റ യാത്രകൾ തമിഴ് മണ്ണിനോടുള്ള അവരുടെ ബന്ധങ്ങൾ എന്നത്തേക്കുമായി അവസാനിപ്പിച്ചു. അങ്ങനെ അവർ ബർമയുടെ മക്കളായി പുതിയ ജീവിതം കെട്ടിപ്പടുത്തു. അതിനുശേഷം ബ്രിട്ടീഷ് വരവോടെ അതായത് 19-20 സെഞ്ച്വറികളിലും ഇത്തരത്തിൽ വീണ്ടും ബർമൻ കുടിയേറ്റം ശക്തി പ്രാപിച്ചു. ഇത്തവണ തമിഴന്മാർ പല ജോലികൾക്കായാണ് പോയത്. അപ്പോഴേക്കും തമിഴ്‌നാട് കാണാത്ത തമിഴന്മാരുടെ തലമുറയായിരുന്നു ബർമയിൽ.
1930 വരെ ഇവരുടെ സുവർണകാലമായിരുന്നു. സമൃദ്ധമായ വ്യാപാരം. കൈനിറയെ പണം. വൃദ്ധന്റെ കണ്ണുകളിൽ പ്രകാശം. ഒരുപക്ഷെ അയാളുടെ ബാല്യമാകാം ഇപ്പോൾ ആ കണ്മുന്നിൽ മിന്നിമറയുന്നത്. കഥക്കിടയിൽ എപ്പോഴോ ചായക്കടക്കാരൻ കൊണ്ടുവന്നു തന്ന ചായ ആറിത്തുടങ്ങിയിരുന്നു. വീണ്ടും കനത്ത മഴ. കടയ്ക്കു മുന്നിലെ ചെറിയ ഓടയിലൂടെ ഒഴുകി വരുന്ന ചെറിയ കടലാസുതുണ്ടുകളിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് വൃദ്ധൻ വീണ്ടും പറഞ്ഞു തുടങ്ങി.
1930 ന് ശേഷം പതിയെ അവിടിവിടെയായി അസ്വസ്ഥതയുടെ നാമ്പുകൾ തളിർത്തു തുടങ്ങി. ഒരുപാട് തമിഴന്മാർക്ക് ബർമ വിട്ട് മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 1948 നു ശേഷമാണ് ശരിക്കും കഷ്ടകാലം ആരംഭിച്ചത്. ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ. 1962 ലെ ഒരു പട്ടാളനീക്കത്തിലൂടെ ഇവരെ ബലമായി ബർമയിൽ നിന്നും പുറത്താക്കി. അങ്ങനെ ബർമ ഇവർക്ക് അന്യനാടായി. പിന്നീട് ലോകം ഇവരെ വിളിച്ചത് “അഭയാർഥികൾ’ എന്നാണ്.
അഭയാർഥികൾ
അയാൾ ഒന്ന് പുഞ്ചിരിച്ചു. ചായക്കടയിലെ തിരക്ക് കൂടിയിരിക്കുന്നു. പാർസൽ വാങ്ങാൻ വന്ന ഒരു കുട്ടിയെ കടക്കാരൻ പേര് വിളിക്കുന്നത് ശ്രദ്ധിച്ചു. ഒരു തമിഴ് ചുവയും ഇല്ലാത്ത പേര്. അതേ. ഇന്നത്തെ തലമുറ മറന്നുതുടങ്ങിയിരിക്കുന്നു. തമിഴ്ഭാഷയും സംസ്‌കാരവും. ബർമയിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ഇവരെ കുറച്ചു മാസം താമസിപ്പിച്ചത് തമിഴ്‌നാട്ടിൽ ആയിരുന്നു. അങ്ങനെയാണ് 1969ൽ ചെന്നൈയിൽ ബർമൻ മാർക്കറ്റ് സ്ഥാപിക്കുന്നത്.
(ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നും ഉണ്ട്). എന്നാൽ നൂറ്റാണ്ടുകൾ മുന്നേ തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയ ഇവർക്ക് അവിടെ തമിഴ്മണ്ണിൽ ബന്ധുബലമോ പരിചയക്കാരോ ആരും ഉണ്ടായിരുന്നില്ല. ഒരു പിന്തുണയും ഇല്ലാതെയുള്ള ജീവിതം അവരെ വീർപ്പുമുട്ടിച്ചു. എങ്ങനെയെങ്കിലും വീണ്ടും ബർമയിലേക്ക് കടക്കണം എന്നവർ അതിശക്തമായി ആഗ്രഹിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗത്തെ അതിർത്തികളിലൂടെ ബർമയിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ് അവരുടെ ഒരുകൂട്ടം വീണ്ടും തമിഴ്നാട്ടിൽ നിന്നും യാത്ര തുടങ്ങുന്നത്.
എങ്ങനെയൊക്കെയോ മോറെ വരെയെത്തിയ അവരെ പക്ഷെ സൈന്യം തടഞ്ഞു. അങ്ങനെ ആ സംഘം മോറെയിൽ താമസിക്കാൻ നിർബന്ധിതരായത്രെ.”ഞങ്ങൾ വരുമ്പോൾ മോറെ ഇങ്ങനെയൊന്നും അല്ല. ആദിവാസികളുടെ ഒരു കൊച്ചുഗ്രാമം. പക്ഷെ ഇവിടുത്തെ ചരക്കുകൾ തേടി ബർമയിൽ നിന്നും ആളുകൾ ഇവിടെ വന്നിരുന്നു. ബർമീസ് ഭാഷ കൈവശമുള്ള ഞങ്ങൾ പതിയെ ഇവിടെ വ്യാപാരം ആരംഭിച്ചു. ജീവിക്കാൻ വേറെ വഴിയില്ലായിരുന്നു…
വൃദ്ധൻ പറഞ്ഞു നിർത്തി. ഇരുൾ വീണുതുടങ്ങി. മഴയും നിൽക്കുന്ന മട്ടില്ല. വൃദ്ധൻ പതിയെ എഴുന്നേറ്റു. കൂടെ ഞാനും. പോകുന്നതിനു മുന്നേ യാത്ര പറഞ്ഞപ്പോൾ ആ കണ്ണുകൾക്ക് ഇനിയും എന്തൊക്കെയോ പറയാനുള്ളതുപോലെ… ഒരുപക്ഷെ സമ്പന്നമായ ബാല്യകാലത്തിന്റെയും യൗവനത്തിന്റെയും നിറമുള്ള ഓർമകളാകാം. അതല്ലെങ്കിൽ ഒരുപാട് പ്രതീക്ഷകളുമായി പൂർവികരുടെ മണ്ണിൽ അഭയാർഥികളാകേണ്ടിവന്ന കഥകളാകാം. ഒരുപക്ഷെ നൂറ് മീറ്ററിനപ്പുറം തങ്ങൾക്ക് നിഷേധിച്ച പിറന്നമണ്ണിലെ കഴിഞ്ഞ ദിനങ്ങളാകാം. ഇന്നത്തെ തലമുറ മറന്നുതുടങ്ങിയിരിക്കുന്നു.
ഇവർക്കിടയിലെ തമിഴിനും ജീർണത ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതേ. ഇത് ഒരു അവസ്ഥയാണ്. നൂറുമീറ്റർ ദൂരത്തിനപ്പുറം ഇവരുടെ നാടാണ്. പക്ഷെ കാലം തീർത്ത അതിർത്തികൾ ഇവരെ അഭയാർഥികളാക്കിയിരിക്കുന്നു. ഇവർക്ക് ദൂരെ നിന്നും കാണാം ഇവർ പിറന്ന മണ്ണ്. വിയർപ്പൊഴുക്കിയ കൃഷിയിടം. ഇന്നിവർ ഇവിടെ ജീവിക്കുന്നു. തമിഴ്നാട്ടിലെ എല്ലാ ആഘോഷങ്ങളും ഇവർ കൊണ്ടാടാറുണ്ട്.
അതിലൂടെ പുതിയ തലമുറയിലേക്കും അവർ കാണാത്ത തമിഴ്നാടിന്റെ പാരമ്പര്യം പകർന്നുകൊടുക്കാൻ ശ്രമിക്കുന്നു. ഇങ്ങനെയും കുറെ ജീവിതങ്ങളുണ്ട്. വെറുതെ കുറെ പ്രതീക്ഷയും പേറി മാത്രം ജീവിതം ജീവിച്ചു തീർക്കുന്നവർ.