Connect with us

Articles

കീഴടങ്ങാത്ത പോരാട്ട വീര്യം

2006 മുതൽ ഗുജറാത്ത് സർക്കാറിനെതിരെ നീണ്ട നിയമപോരാട്ടം നടത്തിയ സാകിയ, ഇരകൾക്കൊപ്പം നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി മരണം വരെ നിലകൊണ്ടു. 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയപ്പോൾ അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച വ്യക്തിയാണ് സാകിയ

Published

|

Last Updated

2002ലെ ഗുജറാത്ത് വംശഹത്യയുടെ ഇരയും വംശഹത്യക്കെതിരെ ഗുജറാത്ത് സർക്കാറിനെതിരെ ശബ്ദമുയർത്തിയ ധീരവനിതയുമായ സാകിയ ജഫ്്രി ഓർമയായിരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ആ മരണവാർത്ത പങ്കുവെച്ചുകൊണ്ട് എഴുതി- “മനുഷ്യാവകാശ സമൂഹത്തിന്റെ ദയാനിധിയായ നേതാവ് സാകിയ അപ്പാ 30 മിനുട്ടുകൾക്ക് മുമ്പ് നമ്മോട് വിടപറഞ്ഞിരിക്കുന്നു. അവരുടെ പ്രത്യാശാഭരിതമായ സാന്നിധ്യം ഇനിമേൽ സുഹൃത്തുക്കൾക്കും ലോകത്തിനും നഷ്ടമാകും. തൻവീർ ഭായ്, നിഷ്റിൻ, ദുരൈയപ്പാ, പേരക്കുട്ടികൾ ഇവർക്കൊപ്പം
ഞങ്ങളെല്ലാം ഉണ്ട്’.

കോൺഗ്രസ്സ് മുൻ എം പി ഇഹ്സാൻ ജഫ്്രിയുടെ ഭാര്യയാണ് സാകിയ ജഫ്്രി. 2002 ഫെബ്രുവരി 27ന് ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ തുടർന്നുണ്ടായ ഗുൽബർഗ് കൂട്ടക്കൊലയെ അതിജീവിച്ച വ്യക്തിയായിരുന്നു അവർ. 2006 മുതൽ ഗുജറാത്ത് സർക്കാറിനെതിരെ നീണ്ട നിയമപോരാട്ടം നടത്തിയ സാകിയ, കലാപത്തിലെ ഇരകൾക്കൊപ്പം നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി മരണം വരെ നിലകൊണ്ടു. 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾക്ക് പ്രത്യേക അന്വേഷണ സംഘം (എസ്‌ ഐ ടി) ക്ലീൻചിറ്റ് നൽകിയപ്പോൾ അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച വ്യക്തിയാണ് സാകിയ. എന്നാൽ 2022ൽ സുപ്രീം കോടതി സാകിയയുടെ ഹരജി തള്ളുകയായിരുന്നു.

അഹമ്മദാബാദ് ചമൻപുരയിലെ ഗുൽബർഗ് സൊസൈറ്റിയിൽ അന്ന് പ്രാർഥനാ യോഗത്തിന് എത്തിയതായിരുന്നു അവർ. 2002 ഫെബ്രുവരി 27ലെ ഗ്രോധാ സംഭവത്തെ തുടർന്ന് ഗുജറാത്തിൽ വർഗീയ കലാപങ്ങൾ അരങ്ങേറുന്ന പശ്ചാത്തലം. സൊസൈറ്റിയുടെ പുറത്ത് ആളുകൾ തടിച്ചുകൂടിയിരുന്നു. തങ്ങൾ ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയിൽ പ്രാർഥനാ യോഗത്തിനെത്തിയവർ സൊസൈറ്റിയിലെ താമസക്കാരനും കോൺഗ്രസ്സ് എം പിയുമായിരുന്ന ഇഹ്‌സാൻ ജഫ്്രിയുടെ വീട്ടിൽ അഭയം തേടി. 2002ൽ ഗുജറാത്ത് കലാപം ആരംഭിച്ചതിന് പിന്നാലെ കലാപകാരികൾ അഹമ്മദാബാദിലുടനീളം മുസ്്ലിംകൾക്കെതിരെ ആക്രമണം അഴിച്ചു വിട്ടതിന് പിന്നാലെയാണ് ഇഹ്സാൻ ജഫ്്രി
കൊല്ലപ്പെട്ടത്.

ആക്രമണം ഭയന്ന് പലതവണ ഇഹ്സാൻ ജഫ്്രി പോലീസിനെ ബന്ധപ്പെട്ടു. പക്ഷേ ആരുമെത്തിയില്ല. ഇതോടെ പുറത്ത് തടിച്ചുകൂടിയ ജനം സൊസൈറ്റിയുടെ മതിലുകൾ തകർക്കുകയും ആക്രമിക്കുകയും സൊസൈറ്റിക്കും വീടുകൾക്കും തീവെക്കുകയും ചെയ്തു. അങ്ങനെ 2002 ഫെബ്രുവരി 28ന് ഇഹ്സാൻ ജഫ്്രിയടക്കം 69 പേർ കൊല്ലപ്പെട്ടു. ഇതാണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയായി പിന്നീട് അറിയപ്പെട്ടത്. സംഭവം നടക്കുമ്പോൾ എല്ലാം കൺമുന്നിൽ കാണുകയായിരുന്നു ഇഹ്സാൻ ജഫ്്രിയുടെ ഭാര്യ സാകിയ ജഫ്്രി. തുടർന്നായിരുന്നു സാധാരണക്കാരിയായ വീട്ടമ്മയിൽ നിന്ന് ഗുജറാത്ത് കലാപത്തിന്റെ നിയമപോരാട്ടത്തിന്റെ മുൻനിരയിലേക്ക് സാകിയ എത്തുന്നത്.
തന്റെ ഭർത്താവായ ഇഹ്സാൻ ജഫ്്രിയടക്കമുള്ള ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് 20 വർഷം നിയമപോരാട്ടം നടത്തി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അടക്കം ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോരാട്ടം. പക്ഷേ 2022ൽ എല്ലാ കേസുകളിൽ നിന്നും സുപ്രീം കോടതി മോദിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. അപ്പോഴും സാകിയ ജഫ്്രി പ്രതികരിച്ചത് മരണം വരെ തന്റെ പോരാട്ടം തുടരുമെന്നായിരുന്നു. ഒടുവിൽ 86ാം വയസ്സിൽ മരണപ്പെടുമ്പോൾ വലിയൊരു പോരാട്ട ചരിത്രമാണ് സാകിയ എഴുതിച്ചേർത്തിരിക്കുന്നത്.
നാല് പെൺകുട്ടികളെ കലാപക്കാർ പിടിച്ചുകൊണ്ടുപോകുന്നത് താൻ നേരിൽ കണ്ടുവെന്നും ഭർത്താവിനെയടക്കം തീക്കൊളുത്തി കൊലപ്പെടുത്തിയത് തന്റെ മുന്നിൽ വെച്ചായിരുന്നുവെന്നുമാണ് സാകിയയുടെ പരാതിയിലുണ്ടായിരുന്നത്. ഇക്കാര്യമുന്നയിച്ച് 2006ലാണ് സാകിയ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന ആരോപിച്ച് പരാതിപ്പെട്ടത്. 2008ൽ സമഗ്രാന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. സി ബി ഐ ഡയറക്ടറായിരുന്ന ആർ കെ രാഘവന്റെ നേതൃത്വത്തിലായിരുന്നു സംഘം. മോദിയെ ഉൾപ്പെടെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസെടുക്കാൻ വേണ്ട തെളിവുകളില്ലെന്ന് പറഞ്ഞ് മോദി ഉൾപ്പെടെയുള്ള 64 പേർക്ക് എസ് ഐ ടി 2012ൽ ക്ലീൻചിറ്റ് നൽകി.
എസ് ഐ ടിയുടെ ക്ലീൻചിറ്റിനെതിരെ സാകിയ പിന്നീട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാൽ 2013ൽ മജിസ്ട്രേറ്റ് കോടതി എസ് ഐ ടി റിപോർട്ട് ശരിവെച്ചു. വിധിക്കെതിരെ സാകിയ ഗുജറാത്ത് ഹൈക്കോതിയെ സമീപിച്ചു. 2017ൽ ഹൈക്കോടതിയും വിധി ശരിവെച്ചതോടെ പിന്നെ സുപ്രീം കോടതിയിലായി സാകിയയുടെ പോരാട്ടം. 2018ൽ ആയിരുന്നു സാകിയ സുപ്രീം കോടതിയെ സമീപിച്ചത്. പക്ഷേ, 2022 ജൂൺ 24ന് മോദിക്കും മറ്റ് 64 പേർക്കും ക്ലീൻചിറ്റ് നൽകിയ എസ് ഐ ടി റിപോർട്ട് സുപ്രീം കോടതിയും ശരിവെക്കുകയും ഹരജി തള്ളുകയുമായിരുന്നു. ഇക്കാര്യത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻ ഐ പി എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ ബി ശ്രീകുമാർ, രാഹുൽവർമ എന്നിവർ കണ്ടെത്തിയ തെളിവുകളിൽ അന്വേഷണം നടത്തിയില്ലെന്നായിരുന്നു സാകിയ ജഫ്്രിയുടെ ആരോപണം.

ഈ ഉദ്യോഗസ്ഥരെല്ലാം പിന്നീട് സർക്കാറിന്റെ പ്രതികാര നടപടി നേരിട്ടത് ചരിത്രം. കലാപത്തിന് മുന്നേ ഇഹ്സാൻ ജഫ്്രിയുടെ ഫോൺ വിളികളടക്കം അവഗണിച്ചുവെന്നായിരുന്നു മോദിക്കെതിരായുള്ള പ്രധാന വാദം. “ഈ പോരാട്ടം എന്റെ ഭർത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരക്കണക്കിന് മുസ്്ലിംകൾക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്’ എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാകിയയുടെ
പ്രതികരണം.

സാകിയക്ക് സഹായിയായി ഉറച്ച് നിന്ന ടീസ്റ്റ സെതൽവാദിനും ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നു. സാകിയയുടെ ഹരജിയിൽ ടീസ്റ്റ കക്ഷിചേർന്നിരുന്നു. സുപ്രീം കോടതി തന്നെ അവർക്കെതിരെ ചില ഹീനമായ പരാമർശങ്ങൾ നടത്തി. തുടർന്ന് ഗുജറാത്ത് പോലീസ് അവരെ പുതിയ ഒരു കേസിട്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വ്യാജ തെളിവുകൾ ഉണ്ടാക്കി എന്നതായിരുന്നു
കുറ്റം.

2023ൽ സുപ്രീം കോടതി അവർക്ക് ജാമ്യം അനുവദിച്ചു. 2023 മാർച്ച് ഒന്നിന് 2002 ആക്രമണത്തിലെ ചില ഇരകൾക്കൊപ്പം സാകിയ അവരുടെ പഴയ വീട് സന്ദർശിച്ചു. വംശഹത്യയുടെ 21ാമത് വാർഷികമായിരുന്നു അന്ന്. 2006 മുതൽ തുടങ്ങിയ ദീർഘകാല പോരാട്ടത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ പോരാട്ടവീര്യം തുല്യതകളില്ലാത്തതാണ്. 2024 തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഒരു ടി വി അഭിമുഖത്തിൽ അവർ ചോദിച്ചു- നിങ്ങൾ വീണ്ടും മോദിയെ പ്രധാനമന്ത്രി ആക്കാൻ പോകുകയാണോ എന്ന്. ഒരിക്കലും കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച ആ പ്രതിരോധജ്വാല അണഞ്ഞിരിക്കുന്നു.

Latest