Kerala
യു പി തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തില്‍ 60.17 ശതമാനം പോളിങ്, കഴിഞ്ഞ തവണത്തെക്കാള്‍ കുറവ്
ലക്‌നോ | യു പി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞ പോളിങ്. 60.17 ശതമാനം പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2017ല്‍ 63.15 ശതമാനം പോളിങായിരുന്നു ഉണ്ടായിരുന്നത്. 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു. കൊടുംതണുപ്പ് അടക്കമുള്ള ഘടകങ്ങളാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍, ഉച്ചയോടെ വോട്ടര്‍മാര്‍ ധാരാളമായി ബൂത്തുകളിലെത്തി.
കര്‍ഷക, ജാട്ട്, മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാകുന്ന പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട പോളിങ് നടന്നത്. 2017ല്‍ 58ല്‍ 53 സീറ്റുകളാണ് പടിഞ്ഞാറന്‍ യു പിയില്‍ ബി ജെ പി നേടിയത്. എസ് പിക്കും ബി എസ് പിക്കും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് ആര്‍ എല്‍ ഡിയും നേടി. ബി ജെ പി സ്ഥാനാര്‍ഥികളില്‍ 17 പേര്‍ ജാട്ട് സമുദായാംഗങ്ങളാണ്. എസ് പി- ആര്‍ എല്‍ ഡി സഖ്യം 18 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ആര്‍ എല്‍ ഡി 12ഉം എസ് പി ആറും ജാട്ട് സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്. ബി ജെ പി, എസ് പിയുടെ മഴവില്‍ സഖ്യം, കോണ്‍ഗ്രസ്, ബി എസ് പി, അസദുദ്ദീന്‍ ഉവൈസിയുടെ എം ഐ എം എം എന്നീ പാര്‍ട്ടികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.