Connect with us

First Gear

വാഹനങ്ങളില്‍ ജാതി, മത സ്റ്റിക്കറുകള്‍ വേണ്ടെന്ന് യുപി സര്‍ക്കാര്‍

ജാതി, മത സ്റ്റിക്കര്‍ പതിച്ചതിന് ഉടമകളില്‍ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാന്‍ തുടങ്ങി.

Published

|

Last Updated

ലക്‌നോ| വാഹനങ്ങളില്‍ ജാതി, മത സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് വിലക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വാഹനങ്ങളില്‍ ജാതി, മത സ്റ്റിക്കര്‍ പതിച്ചതിന് വാഹന ഉടമകളില്‍ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാന്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.

ഇത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്കെതിരെ നോയിഡ ട്രാഫിക് പോലീസ് ഓഗസ്റ്റ് 11 ന് തന്നെ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജാതി, മത സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്ന കാര്‍ ഉടമകള്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം, കാറിന്റെ ചില്ലുകളില്‍ ടിന്റ് ഫിലിമുകള്‍ ഉപയോഗിക്കുന്നതിനും പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്‍ നമ്പര്‍ അല്ലാതെ മറ്റെന്തെങ്കിലും എഴുതുന്നത് നിയമവിരുദ്ധമാണ്.

യുപിയില്‍ ജാതി, മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് 1000 രൂപ പിഴയും നമ്പര്‍ പ്ലേറ്റില്‍ സ്റ്റിക്കറൊട്ടിച്ച കാറുകള്‍ക്ക് 5000 രൂപയുമാണ് പിഴ. കാറിന്റെ ഗ്ലാസുകളിലെ ബ്ലാക്ക് ഫിലിമിന് ആദ്യ തവണ 2,500 രൂപയും രണ്ടാമത്തെ തവണ 5,000 രൂപയോ അതില്‍ കൂടുതലോ ആണ് പിഴ. വാഹനങ്ങളില്‍ ജാതി, മതം തുടങ്ങിയ സ്റ്റിക്കറുകള്‍ പ്രദര്‍ശിപ്പിച്ചതിന് 1,073 പേര്‍ക്കും കാറിന്റെ ചില്ലുകളില്‍ ബ്ലാക്ക് ഫിലിം ഉപയോഗിച്ചതിന് 443 പേര്‍ക്കും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 568 പേര്‍ക്കും നോയിഡ ട്രാഫിക് പോലീസ് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 179 (1) വാഹനങ്ങളില്‍ ജാതി, മതം തുടങ്ങിയ പ്രത്യേക സ്റ്റിക്കറുകളും എഴുത്തുകളും ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. വിന്‍ഡ്ഷീല്‍ഡിലും ബമ്പറുകളിലും മറ്റ് വാഹന ഭാഗങ്ങളിലും ഗുര്‍ജാര്‍, ജാട്ട്, ക്ഷത്രിയ, യാദവ്, താക്കൂര്‍, ത്യാഗി തുടങ്ങിയ ജാതി മത സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങള്‍ വടക്കേ ഇന്ത്യയില്‍ സ്ഥിരം കാഴ്ചയാണ്. ഇത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 

 

Latest