National
യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകള്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേര്‍ അറസ്റ്റില്‍
22കാരിയായ പെണ്‍കുട്ടിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
ലക്‌നോ| ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകള്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി. 22കാരിയായ പെണ്‍കുട്ടിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ അഞ്ചിനാണ് സംഭവം. ചികിത്സാര്‍ത്ഥം കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.
പെണ്‍കുട്ടി ഇടയ്ക്ക് ഈ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്താറുണ്ടെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് ഫോണ്‍ ചാര്‍ജ് തീര്‍ന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ ചായക്കടക്കാരന്റെ സഹായം തേടി. ആശുപത്രിയില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി സത്യമിശ്രയുടെ കടയില്‍ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അറിയാമെന്നും പോലീസ് പറയുന്നു.
മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇയാള്‍ യുവതിയെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിനടുത്തേക്ക് കൊണ്ടുപോയി. അല്‍പ്പം കഴിഞ്ഞ് യുവതി തിരിച്ചെത്തിയപ്പോള്‍ ആംബുലന്‍സ് അവിടെ ഉണ്ടായിരുന്നില്ല. വീണ്ടും മിശ്രയുടെ സഹായത്തോടെ യുവതി അന്വേഷിച്ചിറങ്ങി. മിശ്ര യുവതിയെ കാറില്‍ ബരാബങ്കിയിലെ സഫേദാബാദ് പ്രദേശത്തെ ഒരു ധാബയിലേക്ക് കൊണ്ടുപോയി. കാറില്‍ മറ്റ് രണ്ട് പ്രതികളും ഉണ്ടായിരുന്നു. മൂവരും ചേര്‍ന്ന് യുവതിക്ക് ലഹരി കലര്‍ത്തിയ പാനീയം നല്‍കുകയും കാറില്‍ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് പ്രതികള്‍ യുവതിയെ ഇന്ദിരാ നഗര്‍ ഏരിയയില്‍ ഇറക്കിവിടുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് മൂന്ന് പോരെയും അറസ്റ്റ് ചെയ്തു.