National
ബിൽ പാസ്സായതിന് പിന്നാലെ അനധികൃതമെന്ന് മുദ്രകുത്തി വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാൻ യുപി സർക്കാർ
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ഇപ്പോഴത്തെ എണ്ണം 1.30 ലക്ഷത്തിലധികമാണെന്നും ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കപ്പെട്ടതാണെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

ലഖ്‌നൗ | വിവാദപമായ വഖഫ് (ഭേദഗതി) ബിൽ 2025 രാജ്യസഭയിൽ പാസ്സായതിന് തൊട്ടടുത്ത ദിവസം, സംസ്ഥാനത്ത് ‘അനധികൃതമായി’ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കപ്പെട്ടവ കണ്ടുകെട്ടുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ അത്തരം സ്വത്തുക്കൾ കണ്ടെത്താനും അവ കണ്ടുകെട്ടാൻ നടപടികൾ ആരംഭിക്കാനും അതത് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് സർക്കാർ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
സംസ്ഥാന റവന്യൂ വകുപ്പിന്റെ രേഖകളിൽ 2963 വഖഫ് സ്വത്തുക്കൾ മാത്രമാണ് നിലവിലുള്ളതെന്നാണ് സർക്കാറിന്റെ അവകാശവാദം. എന്നാൽ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ഇപ്പോഴത്തെ എണ്ണം 1.30 ലക്ഷത്തിലധികമാണെന്നും ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കപ്പെട്ടതാണെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഗ്രാമ സമാജത്തിന്റെ ഭൂമി, കുളങ്ങൾ തുടങ്ങിയവ പോലും സംസ്ഥാനത്ത് വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദാനം ചെയ്ത ഭൂമി മാത്രമേ വഖഫ് സ്വത്തായി പ്രഖ്യാപിക്കാൻ സാധിക്കൂ എന്നും അധികൃതർ പറയുന്നു.
എത്രത്തോളം സ്വത്തുക്കൾ ഇത്തരത്തിൽ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ സംസ്ഥാന റവന്യൂ വകുപ്പ് സർവേ നടത്തുകയാണ്. ബറേലി, സഹാറൻപൂർ, ബിജ്‌നോർ, മുസഫർനഗർ, മൊറാദാബാദ്, രാംപൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കളുള്ളത് എന്ന് സൂചന. ജില്ലാ മജിസ്‌ട്രേറ്റുമാർ സ്വത്തുക്കൾ പരിശോധിച്ച് റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കും. ഭേദഗതി വരുത്തിയ വഖഫ് ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ ഇത്തരമൊരു നീക്കം തങ്ങൾ മുൻകൂട്ടി കണ്ടിരുന്നതാണെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് ഫഖ്‌റുൾ ഹസൻ പറഞ്ഞു. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ വേണ്ടിയാണ് പുതിയ വഖഫ് ബിൽ കൊണ്ടുവന്നതെന്ന് ഞങ്ങൾക്കറിയാമായിരുന്നുവെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.