musafar nagar
മുസഫര്‍നഗര്‍ കാലപത്തിലെ 77 കേസുകള്‍ പിന്‍വലിച്ച് യു പി സര്‍ക്കാര്‍
ജീവപര്യന്തം തടവ് ശിക്ഷ കിട്ടുന്ന കേസുകളടക്കം പിന്‍വലിച്ചു
ലഖ്‌നോ | 62ഓളം പേര്‍ കൊല്ലപ്പെടുകയും 50000ത്തോളം മുസ്ലിംങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരുകയും യെ്ത മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77 ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഒരു കാരണവും നല്‍കാതെയാണ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതെന്നാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് ഒരു കാരണവും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയയും അഭിഭാഷക സ്നേഹ കലിതയും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇത്തരത്തില്‍ പിന്‍വലിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 20ന് ഉത്തര്‍പ്രദേശ് സംസ്ഥാന അഭിഭാഷകന്‍ തനിക്ക് അയച്ച കത്തിന്റെ ഭാഗമാണ് ഈ വിവരമെന്ന് ഹന്‍സാരിയ പറഞ്ഞു.
2013 ലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 510 കേസുകള്‍ 6,869 പ്രതികള്‍ക്കെതിരെ മീററ്റ് സോണിലെ അഞ്ച് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. 2013ല്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 91 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറ്കണക്കിന് മുസ്ലിം വീടുകളാണ് അഗ്നിക്കിരയാക്കിയത്. അടുത്തവര്‍ഷം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി സര്‍ക്കാര്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.