First Gear
വരാനിരിക്കുന്ന ഇൻ്റർസെപ്റ്റർ ബിയർ 650 ഡിസൈൻ ചോർന്നു; ഇന്ത്യയിൽ അടുത്തമാസം എത്തും
3.5 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് പ്രതീക്ഷ
റോയൽ എൻഫീൽഡിൻ്റെ ഏറ്റവും പുതിയ മോഡലായ ഇൻ്റർസെപ്റ്റർ ബിയർ 650 യുടെ ഡിസൈൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇൻ്റർനെറ്റിൽ പ്രചരിച്ചു. ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പർ ബൈക്കിൻ്റെ വിവരങ്ങളാണ് ചോർന്നത്. മിലാൻ മോട്ടോർസൈക്കിൾ ഷോ (EICMA 2024) യിൽ വാഹനത്തിൻ്റെ ഔദോഗിക ലോഞ്ചിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുന്നേ വാഹനത്തിൻ്റെ ഡിസൈൻ ഉൾപ്പെടെ പുറത്തുവന്നത് കമ്പനിയുടെ അറിവോടെയാണെന്നും റിപ്പോർട്ടുണ്ട്. ഇൻ്റർസെപ്റ്റർ 650 റോഡ്‌സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ബിയർ 650യും വിപണിയിൽ എത്തുന്നത്.
നിലവിൽ റോഡ്‌സ്‌റ്ററിലുള്ള അതേ 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബിയറിനുമുണ്ടാവുക. 47 bhp ഉം 52.3 Nm ഉം ഉള്ള അതേ പവറും ടോർക്കുമുണ്ടാകും. ഇൻ്റർസെപ്റ്റർ 650-ലെ ഇരട്ട എക്‌സ്‌ഹോസ്റ്റുകൾക്ക് പകരം, ബിയർ 650-ൽ ടു-ഇൻ-വൺ എക്‌സ്‌ഹോസ്റ്റ് ആയിരിക്കും. താഴത്തെ അറ്റത്തും മിഡ് റേഞ്ചിലും കൂടുതൽ ടോർക്ക് നൽകാൻ RE ഗിയർബോക്‌സിൻ്റെ അനുപാതം മാറ്റുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ബിയർ 650 ന് വ്യത്യസ്തമായ സീറ്റും ഗ്രാബ്-റെയിലും ഉണ്ടായിരിക്കുമെന്ന് ചോർന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഒപ്പം വശത്ത് ഒരു നമ്പർ ബാഡ്ജും ഉണ്ടായിരിക്കും. ഫോട്ടോകളിൽ നിന്ന്, ഹാൻഡിൽബാർ ഇൻ്റർസെപ്റ്ററിൻ്റേതിന് സമാനമാണ്. ലോഞ്ച് ചെയ്‌താൻ ഉടൻ ഇന്ത്യയിലും പുതിയ ഇൻ്റർസെപ്റ്റർ എത്തും. 3.5 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് പ്രതീക്ഷ.