Kerala
സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു
സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് 2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയതി.
യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞ വരെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലിലും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകർ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ അയയ്ക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിങ് നോട്ടീസ് അപേക്ഷകർക്ക് ലഭിക്കും. അക്ഷയ സെൻറർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചും പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുകയും അവയുടെ പ്രിന്റൗട്ടിൽ അപേക്ഷകർ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുകയും ചെയ്യണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അതാത് സെക്രട്ടറിമാരും മുനിസിപ്പാലില്‍ കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ.