Business
ഓഗസ്റ്റില്‍ 1000 കോടിയിലധികം പണമിടപാട് നടത്തി യുപിഐ
ജൂലൈയില്‍ സ്ഥാപിച്ച 15.34 ലക്ഷം കോടി രൂപയുടെ മുന്‍ റെക്കോര്‍ഡും മറികടന്നാണ് ഈ നേട്ടം.
ന്യൂഡല്‍ഹി| ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഒരു മാസത്തിനുള്ളില്‍ 10 ബില്യണ്‍ ഇടപാടുകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 10.58 ബില്യണ്‍ എന്ന നേട്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. തല്‍സമയ പേയ്മെന്റ് സംവിധാനം നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കനുസരിച്ച്, യുപിഐ ഇടപാടുകള്‍ ഓഗസ്റ്റില്‍ 67 ശതമാനം ഉയര്‍ന്ന് 10.58 ബില്യണിലെത്തി.
ഡിജിറ്റല്‍ ഇന്ത്യ ഒരു പുതിയ റെക്കോര്‍ഡ് കൈവരിക്കുന്നു. യുപിഐ പേയ്മെന്റ് ഇടപാടുകള്‍ ഓഗസ്റ്റ് 23-ല്‍ 10 ബില്യണ്‍ കടന്നുവെന്നാണ് നേട്ടത്തെ കുറിച്ച് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തത്. ജൂലൈയില്‍ സ്ഥാപിച്ച 15.34 ലക്ഷം കോടി രൂപയുടെ മുന്‍ റെക്കോര്‍ഡും മറികടന്നാണ് ഈ നേട്ടം.
യുപിഐ സംവിധാനത്തില്‍ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകള്‍ നടത്തുന്ന യുപിഐയുടെ ഓഫ്ലൈന്‍ മോഡായ യുപിഐ ലൈറ്റ് അവതരിപ്പിച്ചിരുന്നു. അതിന്റെ ഇടപാട് പരിധി 200 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. ഉപയോക്താക്കള്‍ക്ക് ലോണ്‍ അക്കൗണ്ടുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാനും ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് യുപിഐ ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കുന്നത് എളുപ്പമാക്കും.