Business
വോയിസ് കമാന്‍ഡിലൂടെ യുപിഐ ഇടപാട് നടത്താം; പുത്തന്‍ ഫീച്ചറുമായി എന്‍പിസിഐ
ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചര്‍ അറിയപ്പെടുക.
ന്യൂഡല്‍ഹി| യു.പി.ഐ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷ്ണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ വെച്ച് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ കൂട്ടത്തില്‍ പുതിയ ഫീച്ചറിനെ കുറിച്ച് വ്യക്തമാക്കിയത്. ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചര്‍ അറിയപ്പെടുക.
പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ പ്രതിമാസം 100 ബില്യണ്‍ ഇടപാടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍പിസിഐ വ്യക്തമാക്കി. മദ്രാസ് ഐഐടിയിലെ എഐ4ഭാരതുമായി സഹകരിച്ചാണ് പുതിയ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കിയതെന്ന് എന്‍പിസിഐ അറിയിച്ചു. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കും ഹലോ യുപിഐയുടെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഉടന്‍ തന്നെ മറ്റ് ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കും. ആപ്പുകള്‍, ടെലികോം കോളുകള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവ വഴി ശബ്ദം നല്‍കി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചര്‍. ബില്ലുകള്‍ തരംതിരിക്കുന്നതടക്കമുള്ള നടപടികള്‍ എളുപ്പമാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബില്‍പേ കണക്ട്, ഭാരത് ബില്‍പേ എന്നിങ്ങനെ രണ്ട് പേരുകളിലായാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം നമ്പറും അവതരിപ്പിച്ചിട്ടുണ്ട് ഈ നമ്പറിലേക്ക് ഹായ് അയച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബില്ലുകള്‍ വാങ്ങാനും അടയ്ക്കാനും സാധിക്കും. എന്നാല്‍ സ്മാര്‍ട്ട്‌ഫോണോ മൊബൈല്‍ ഡാറ്റയോ ഇല്ലാത്തവര്‍ക്കും മറ്റൊരു സേവനവും എന്‍പിസിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നമ്പറില്‍ മിസ് കോള്‍ നല്‍കിയാല്‍ ബില്ലുകള്‍ അടയ്ക്കാനുള്ള ഓപ്ഷന്‍ ലഭിക്കുന്നതാണ്. ഇത്തരക്കാര്‍ക്ക് സ്ഥിരീകരണത്തിനും പേയ്മെന്റ് അംഗീകാരത്തിനുമായി തിരിച്ച് ഒരു കോള്‍ വരുന്നതാണ്. ഈ കോള്‍ വഴി ഉപഭോക്താക്കള്‍ക്ക് സംസാരിച്ച് പണം അടയ്ക്കാന്‍ സാധിക്കും. ബില്‍പേ കണക്ടും ഇത്തരത്തില്‍ വോയ്സ് അസിസ്റ്റഡ് ബില്‍ പേയ്മെന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.
യു.പി.ഐ വഴി ബേങ്കുകള്‍ അനുമതി നല്‍കിയ വായ്പകള്‍ ലഭിക്കുന്ന ക്രെഡിറ്റ് ലൈന്‍, ഓഫ് ലൈനായി പണം ലഭിക്കുന്നതും അയക്കാന്‍ സാധിക്കുന്നതുമായ യു.പി.ഐ ലൈറ്റ് എന്നിവയാണ് യു.പി.ഐ അടുത്തിടെ പുറത്തിറക്കിയ മറ്റു ഫീച്ചറുകള്‍.