National
സിഎജി റിപ്പോര്‍ട്ടിനെച്ചൊല്ലി ഡല്‍ഹി നിയമസഭയില്‍ ബഹളം; 12 എ എ പി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെ പന്ത്രണ്ട് എഎപി എംഎല്‍എമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ന്യൂഡല്‍ഹി| മദ്യനയ അഴിമതിയെക്കുറിച്ചുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടര്‍ന്ന് ഡല്‍ഹി നിയമസഭയില്‍ നിന്ന് ആം ആദ്മിയുടെ 12 എം എല്‍ എ മാരെ ഇന്നത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലെനെ ഉള്‍പ്പെടെ പന്ത്രണ്ട് എഎപി എംഎല്‍എമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്ത കേസാണിത്.
മുഖ്യമന്ത്രി രേഖ ഗുപ്തയാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. സമ്മേളനം ആരംഭിച്ച ഉടന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ. സക്സേന സഭയെ അഭിസംബോധന ചെയ്തു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി നിയമസഭാംഗങ്ങള്‍ ബി ജെ പി സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തി.
എംഎല്‍എമാരോട് ശാന്തരായിരിക്കാന്‍ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത പലതവണ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തുന്നത് തുടര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ നിയമസഭാംഗങ്ങളെ ഇന്നത്തെ ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് നിയമസഭാ പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിആര്‍ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തുകൊണ്ട് ബിജെപി അംബേദ്കറെ അനാദരിച്ചുവെന്ന് അതിഷി ആരോപിച്ചു. അംബേദ്കറുടെ ചിത്രം നീക്കം ചെയ്തുകൊണ്ട് ബിജെപി അതിന്റെ യഥാര്‍ത്ഥ നിറം കാണിച്ചു. അംബേദ്കറിന് പകരം മോദിക്ക് സ്ഥാനമുണ്ടെന്ന് പാര്‍ട്ടി വിശ്വസിക്കുന്നുണ്ടോ എന്നും അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അംബേദ്കറുടെ ചിത്രം അതിന്റെ സ്ഥാനത്ത് സ്ഥാപിക്കുന്നതുവരെ ഞങ്ങള്‍ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് അതിഷി കൂട്ടിച്ചേര്‍ത്തു.