Kerala
സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബഹളം
നടപടികള്‍ വേഗത്തിലാക്കി മാര്‍ച്ച് മൂന്നുവരെ സഭ പിരിഞ്ഞു
![](https://assets.sirajlive.com/2025/02/untitled-24-897x538.jpg)
തിരുവനന്തപുരം | നിയമസഭയില്‍ സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. പിന്നീട് ഇന്ന് അടിയന്തിര പ്രമേയം അവതരണത്തിനിടെയാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ആദ്യ ഒന്‍പത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആരോപണം നിഷേധിച്ചു.
എസ് സി – എസ് ടി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റില്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എ പി അനില്‍കുമാര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സര്‍ക്കാരിന്റെ മുന്‍ഗണന ലിസ്റ്റില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലെന്നും ഇടതു സര്‍ക്കാര്‍ ദളിത് ആദിവാസി വിരുദ്ധ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തിയ അനില്‍കുമാര്‍, കിഫ്ബി ഫണ്ടു വഴിയുള്ള പദ്ധതികളിലും എസ് സി – എസ് ടി വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് വിമര്‍ശിച്ചു.
ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി കേളുവിന്റെ വിശദീകരണം. വരുമാന പരിധി നോക്കാതെയാണ് കുട്ടിക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. ബില്ല് വരുന്നത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിമര്‍ശിച്ച് മന്ത്രി കെ എന്‍ ബാലഗോപാലും രംഗത്ത് വന്നു.
ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനം ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ദളിത് വിഭാഗത്തെ ബാധിച്ചുവെന്ന് വിമര്‍ശിച്ചു. വര്‍ഷാവര്‍ഷം ഈ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിക്കേണ്ടതാണ്. എന്നാല്‍ ഒരു മാറ്റവും ഇല്ലാതെയാണ് ബജറ്റ് വിഹിതം. ജനുവരി 22 നു ഇറക്കിയ ഉത്തരവില്‍ പദ്ധതി വിഹിതം വേട്ടിക്കുറച്ചത് വ്യക്തമാക്കുന്നുണ്ട്. ജനുവരി 25 നു വീണ്ടും വെട്ടിക്കുറച്ച് ഉത്തരവിറക്കി. മുന്‍ഗണന പുതുക്കി എന്നാണ് സര്‍ക്കാര്‍ ന്യായീകരണം.
എസ് സി-എസ് ടി വിഭാഗത്തിന് ലൈഫ് മിഷന്‍ പദ്ധതിക്കായി നീക്കിവച്ച 140 കോടി രൂപയില്‍ ഒരു രൂപ പോലും ചെലവാക്കിയില്ല. ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ഥികള്‍ അപമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇതിനിടെയാണ് പ്രസംഗം ചുരുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രംഗത്ത് വന്നത്. സ്പീക്കര്‍ ഇടപ്പെട്ടതില്‍ രോഷാകുലനായ പ്രതിപക്ഷ നേതാവ് ഇതോടെ ചെയറിനെതിരെ തിരിഞ്ഞു. എന്തിന് ഇങ്ങനെ തടസ്സപ്പെടുത്തുന്നുവെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒന്‍പത് മിനിറ്റ് നേരം പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ചെയര്‍ തടസപ്പെടുത്തിയില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.
അത് ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ഈ വാക്‌പോര് രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷത്ത് നിന്നുള്ള അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഇവരോട് സ്പീക്കര്‍ തിരികെ സീറ്റിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ തയ്യാറായില്ല. ഇത് തുടരുന്നതിനിടെ സഭയിലെ മൈക്കുകള്‍ മുഴുവന്‍ മ്യൂട്ട് ചെയ്തു. സഭ ടിവിയില്‍ സ്പീക്കറെ മാത്രമാണ് ഈ സമയത്ത് കാണിച്ചത്.അംഗങ്ങളെ ഇരിപ്പിടത്തിലേക്ക് പ്രതിപക്ഷ നേതാവ് തിരിച്ചുവിളിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും വിഡി സതീശന്‍ തയ്യാറായില്ല. പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ തുടര്‍ന്നതോടെ ഇത് വകവെക്കാതെ സ്പീക്കര്‍ സഭാ നടപടികളിലേക്ക് കടന്നു. അംഗങ്ങളോട് ഹെഡ്‌സെറ്റ് വച്ച് സഭാ നടപടികളില്‍ ശ്രദ്ധിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. വിവിധ ധനാഭ്യര്‍ത്ഥനകള്‍ പാസാക്കി സഭ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കാനാണ് പിന്നീട് സ്പീക്കര്‍ ശ്രമിച്ചത്.
സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍, 2024 വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം അന്തിമ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്ലാതെ പാസാക്കി നടപടികള്‍ വേഗം പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ അനാവശ്യ ഇടപെടല്‍ തന്റെ പ്രസംഗത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായും മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണ് സ്പീക്കര്‍ ഇതു ചെയ്യുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഏറ്റവും കുറഞ്ഞ സമയം സംസാരിക്കുന്ന പ്രതിപക്ഷ നേതാവാണ് താനെന്നും തന്റെ പ്രസംഗം മുഖ്യമന്ത്രിയേയും സര്‍ക്കാറിനേയും തുറന്നു കാട്ടും എന്നതിനാലാണ് സ്പീക്കര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.