Connect with us

National

പരീക്ഷ നടത്തിപ്പിലെ വീഴ്ചകള്‍; എഐ ക്യാമറയുമായി യുപിഎസ്‌സി

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന പരീക്ഷാ പ്രക്രിയയില്‍ AI നിരീക്ഷണം നല്‍കാന്‍ പരിചയസമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളില്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നീറ്റ്, നെറ്റ്, മറ്റ് പ്രവേശന പരീക്ഷകളിലുണ്ടായ ക്രമക്കേടുകള്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒപ്പം വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്ഗറിന്റെ വിജയവും വലിയ വിവാദങ്ങള്‍ക്കിടയാക്കി. ഈ സാഹചര്യത്തില്‍ ക്രമക്കേടുകള്‍ തടയാന്‍ യുപിഎസ്‌സി പരീക്ഷാകേന്ദ്രങ്ങളില്‍ എഐ ക്യാമറ സ്ഥാപിക്കാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന പരീക്ഷാ പ്രക്രിയയില്‍ AI നിരീക്ഷണം നല്‍കാന്‍ പരിചയസമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. തത്സമയ AI അടിസ്ഥാനമാക്കിയുള്ള സിസിടിവി നിരീക്ഷണം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള വിരലടയാള ശേഖരണം, ഉദ്യോഗാര്‍ത്ഥികളുടെ മുഖം തിരിച്ചറിയല്‍, ഇ-അഡ്മിറ്റ് കാര്‍ഡുകളുടെ ക്യുആര്‍ കോഡ് സ്‌കാനിംഗ് എന്നിവയ്ക്കാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ എഐ നിരീക്ഷണം പുതിയ നടപടിയാണ്.

ടെണ്ടര്‍ രേഖകള്‍ CPP പോര്‍ട്ടല്‍ വഴി നല്‍കാനാണ് നിര്‍ദേശം. അപേക്ഷകര്‍ മൂന്ന് കോടി രൂപയുടെ ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD) അല്ലെങ്കില്‍ നിശ്ചിത ഫോര്‍മാറ്റ് അനുസരിച്ച് ബിഡ് സെക്യൂരിറ്റി ഡിക്ലറേഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.ജൂലൈ 29-ന് മുമ്പായാണ് ടെണ്ടര്‍ നല്‍കേണ്ടത്.മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. യുപിഎസ്സിക്ക് അതിന്റെ വിവേചനാധികാരത്തില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാം.

കാഴ്ചപരിമിതി, ഭിന്നശേഷി ഇളവുകള്‍ നേടിയും സംവരണ ആനുകൂല്യത്തിന് മാതാപിതാക്കളുടെ പേരുള്‍പ്പെടെ വ്യാജരേഖ ചമച്ചുമാണ് പൂജ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ പാസായതെന്നാണ് ആരോപണം. അന്വേഷണം നേരിടുന്ന പൂജയുടെ റാങ്ക് റദ്ദാക്കാന്‍ യുപിഎസ്സി നോട്ടീസ് അയച്ചിട്ടുണ്ട്.

 

Latest