Connect with us

Kerala

ഊര് മൂപ്പനെ വനപാലകര്‍ മര്‍ദിച്ച സംഭവം; അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്

Published

|

Last Updated

തൃശ്ശൂര്‍  | മലക്കപ്പാറ വീരന്‍കുടി ഊരിലെ ആദിവാസി മൂപ്പനെ വന പാലകര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. വനം വകുപ്പ് വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പരിശോധിച്ച് ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. ആദിവാസികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ നിര്‍ത്തി വയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് വീരന്‍ കുടി കോളനിയില്‍ നിന്നും മലക്കപ്പാറയിലേക്ക് കുടിയേറിയ ഊര് മൂപ്പന്‍ വീരന് മര്‍ദനമേറ്റത്.

വാസയോഗ്യമല്ലാത്ത വീരന്‍ കുടി കോളനിയിലെ ഭൂമി ഉപേക്ഷിച്ചാണ് ആദിവാസി സംഘം മലക്കാപ്പാറയിലേക്ക് കുടിയേറിയത്. മലക്കാപ്പാറയിലെത്തിയ സംഘം കുടില്‍ കെട്ടി താമസിക്കാന്‍ തുടങ്ങുമ്പോഴാണ് ഉദ്യോഗസ്ഥരെത്തിയത്. സ്ഥലത്ത് താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ഊര് മൂപ്പനെ മര്‍ദിക്കുകയുമായിരുന്നു. പാറപ്പുറത്ത് കെട്ടിയ മൂന്ന് കുടിലുകള്‍ ഉദ്യോഗസ്ഥര്‍ പൊളിച്ച് മാറ്റുകയും ചെയ്തു.

 

Latest