Kerala
നഗരനയ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം നിലവിലെ 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
തിരുവനന്തപുരം| സമഗ്രമായ കേരള നഗരനയ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നഗരവല്‍ക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ചാണിത്.
ഈ മേഖലയിലെ വിദഗ്ധനായ ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മീഷന്‍ അധ്യക്ഷന്‍. യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ആണ് ഇദ്ദേഹം.
സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ധനുമായ ഡോ.ഇ.നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ ജാനകി നായര്‍, കൃഷ്ണദാസ്(ഗുരുവായൂര്‍), ഡോ കെ എസ ജെയിന്‍സ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാര്‍, ഡോ. വൈ വി എന്‍ കൃഷ്ണമൂര്‍ത്തി, പ്രൊ. കെ ടി രവീന്ദ്രന്‍, തെക്കിന്ദര്‍ സിങ് പന്‍വാര്‍ എന്നീ വിദഗ്ധ അംഗങ്ങള്‍ ചേര്‍ന്നതാണ് കമ്മീഷന്‍.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മീഷന്‍ പ്രവര്‍ത്തനം സഹായകമാവും.
2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മീഷന്‍ വിലയിരുത്തല്‍. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായം നിലവിലെ 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. വര്‍ക്കല ശിവഗിരി – തൊടുവെ പാലത്തിന്റെ ഇംപ്രൂവ്‌മെന്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍തലത്തില്‍ ടെന്‍ഡര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
പത്തനംതിട്ട പമ്പാനദിക്ക് കുറുകയുള്ള ന്യൂ കോഴഞ്ചേരി പാലത്തിന്റെ നിര്‍മ്മാണത്തില്‍ ബാക്കിയുള്ള പ്രവര്‍ത്തികള്‍ക്ക് നിലവിലുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തി ടെന്‍ഡര്‍ അംഗീകരിക്കും. കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ അംഗീകൃത ഓഹരി മൂലധനം 3 കോടി രൂപയില്‍ നിന്ന് 33 കോടി രൂപയാക്കി വര്‍ധിപ്പിക്കും.
ഹോര്‍ട്ടി വൈനിന്റെ വില്‍പന നികുതി ഇന്ത്യന്‍ നിര്‍മ്മിത വൈനിന്റെ നികുതി നിരക്കിന് തുല്യമായി നിശ്ചയിക്കും. ഇതിന് 1963ലെ കേരള പൊതു വില്‍പ്പന നികുതി നിയമം ഭേദഗതി ചെയ്യും. അതിന്റെ ഭാഗമായുള്ള 2023ലെ കേരള പൊതു വില്പന നികുതി (ഭേദഗതി ) ബില്ലിന്റെ കരട് അംഗീകരിച്ചു. സംസ്ഥാനത്ത് വ്യോമയാന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി നിശ്ചിത യോഗ്യതകള്‍ ഉള്ള ഒരു സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ റീടൈനര്‍ഷിപ്പ് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും.