Connect with us

From the print

കുമ്പള വഴിയിലെ ഉറുദു നഗര്‍; ഉറുദു ഭാഷയിലൂടെ ജീവിതതാളം കണ്ടെത്തിയ നാട്ടുകാരുടെ ഗ്രാമം

ഇന്ന് ലോക ഉറുദു ദിനം.

Published

|

Last Updated

മലപ്പുറം | മലപ്പുറം-കോട്ടക്കല്‍ റോഡില്‍ കോഡൂരിനടുത്ത് ഉറുദു ഭാഷയാല്‍ അറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട്. പേര് ‘ഉറുദു നഗര്‍’. ഉറുദു ഭാഷയിലൂടെ ജീവിതതാളം കണ്ടെത്തിയ നാട്ടുകാരുടെ സ്വന്തം ഗ്രാമം. ഉറുദു ഭാഷയുടെ പേരില്‍ അറിയപ്പെടുന്ന ഈ ഗ്രാമത്തിന്റെ കഥ പറയാം. കുമ്പളം കൃഷിക്ക് പേരുകേട്ട് പ്രദേശമാണ് കോഡൂരും പരിസര പ്രദേശങ്ങളും. എഴുപതുകളുടെ ആദ്യത്തിലാണ് കോഡൂര്‍ ഗ്രാമം കുമ്പളങ്ങ കൃഷിയിലേക്ക് വഴിമാറുന്നത്. വരിക്കോട് പാടശേഖരവും കിഴക്കേ പാടവും പഴിങ്ങാറെ പാടവും വെങ്ങാട്ടുകുറ്റിയുമൊക്കെ നിറയെ കുമ്പളങ്ങ നിറഞ്ഞ കാലം.

ആഗ്രയിലെ പ്രധാന മധുര പലഹാരമായ ആഗ്ര പേഡ നിര്‍മാണത്തിനായി കോഡൂരില്‍ നിന്ന് കുമ്പളങ്ങ കൊണ്ടുപോകാനും കച്ചവടത്തിനുമായി ഉത്തരേന്ത്യന്‍ സംഘം കോഡൂരില്‍ തമ്പടിക്കല്‍ തുടങ്ങി. ഉറുദുവിലും ഹിന്ദിയിലും സംസാരിക്കുന്ന കുമ്പളങ്ങ വാങ്ങാനെത്തിയവരോട് ആശയകൈമാറ്റം കോഡൂരുകാര്‍ക്ക് ബുദ്ധിമുട്ടായി. ആ പ്രതിസന്ധി മറികടക്കാന്‍ അവര്‍ ഉറച്ച തീരുമാനമെടുത്തു. ഉറുദു പഠിക്കുക തന്നെ.

1973 കാലഘട്ടം. മലപ്പുറത്ത് പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ തലശ്ശേരി സ്വദേശിയായ ഡോ. അസ്സു അധ്യാപകനായി എലൈറ്റ് ഉറുദു കോളജ് പ്രവര്‍ത്തിച്ചിരുന്നു. ഉത്തരേന്ത്യന്‍ കച്ചവടക്കാരോട് സംസാരിക്കാനായി ഉറുദു പഠിക്കണമെന്ന് കുമ്പളങ്ങ കര്‍ഷകര്‍ തീരുമാനിച്ചു. കെ വി മൊയ്തീന്‍, എന്‍ മൊയ്തീന്‍കുട്ടി, വി കെ അഹ്്മദ്, പി കെ അലവിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ എലൈറ്റ് കോളജുമായി സഹകരിച്ച് കോഡൂരില്‍ ഉറുദു ക്ലാസ്സ് തുടങ്ങി. പ്രധാനമായും ഉറുദു സംസാരിക്കല്‍ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. വയോജനങ്ങളടക്കമുള്ള വന്‍നിരയാണ് പഠിക്കാനെത്തിയത്. ‘കഹ്കഷാന്‍’ ഉറുദു ക്ലബാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ഭാഷാ പഠനം വിലപേശാന്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമായി. അങ്ങനെ ഉറുദു പഠനം ഒരു ഭാഗത്തും കുമ്പളങ്ങ കച്ചവടം മറു ഭാഗത്തും പൊടിപൊടിച്ചു. പതുക്കെ ഉറുദു നഗര്‍ എന്ന ഗ്രാമവും കുമ്പളങ്ങ കച്ചവടത്തിന് പിന്നാലെ പിറവിയെടുത്തു. കോഡൂര്‍ ഉറുദു ഡെവലപ്മെന്റ് അസ്സോസിയേഷന്‍ നേതൃത്വത്തില്‍ മലപ്പുറത്തെ ഉറുദു കോളജായി എലൈറ്റ് ഏറ്റെടുത്തു. അസ്സോസിയേഷന്റെ കീഴില്‍ ഉറുദു പഠനം മുന്നോട്ട് പോയി. 60 ഓളം ഉറുദു ഭാഷാധ്യാപകര്‍ വരെ അങ്ങനെ ഒരു ഗ്രാമത്തില്‍ പിറവിയെടുത്തു. ഉറുദു നഗറില്‍ മാത്രം ഒതുങ്ങിയില്ല പഠനം. കോഡൂര്‍, പൊന്മള അടക്കമുള്ള തൊട്ടടുത്ത പ്രദേശങ്ങളിലേക്കെല്ലാം പഠനം നീണ്ടു. കോഡൂരിലും പരിസര പ്രദേങ്ങളിലുമെല്ലാം ഉറുദു അധ്യാപകരും പിറവിയെടുത്തു.

മലപ്പുറം ഗവ. കോളജ് ഉറുദു വിഭാഗം തലവനായിരുന്ന ഡോ. പി കെ അബൂബക്കര്‍ മുതല്‍ എസ് സി ഇ ആര്‍ ടിയില്‍ നിന്ന് വിരമിച്ച എന്‍ മൊയ്തീന്‍കുട്ടി, മലപ്പുറം ഗവ. കോളജ് അസി. പ്രൊഫ. സബിത തുടങ്ങി നിരവധി പേര്‍ ഉറുദു നഗറിന്റെ സംഭാവനയാണ്. ഉറുദു പഠനത്തില്‍ മാത്രമല്ല, ഇവിടുത്തുകാരുടെ ജീവിതത്തിലും അലിഞ്ഞുചേര്‍ന്നു. വീടുകളുടെ പേര് പോലും ഉറുദുവിലായി. ഗുലുസ്ഥാന്‍, ആദാം, ആഷിയാന, നസീമന്‍, ഗുല്‍സന്‍… വീടുകളുടെ ഉറുദു പേര് എണ്ണിയാലൊടുങ്ങാത്തതാണ്. ഒട്ടേറെ കുട്ടികള്‍ക്കും ഉറുദു പേരുണ്ട്. ബീഗം, ബേഗ്, ഖാത്തൂന്‍, ഖാന്‍, മുംതാസ് എന്നിങ്ങനെ നീളുന്നു അത്. ഉറുദു നഗര്‍ എന്ന പേരില്‍ ബസ് സ്റ്റോപ്പ് നിലവില്‍ വന്നു. എലൈറ്റ് അക്കാദമിയിലൂടെയും കോഡൂര്‍ ഉര്‍ദു ഡെവലപ്പ് മെന്റ് അസ്സോസിയേഷനിലൂടെയും ഉറുദു നഗറിലും കോഡൂരിലും പരിസര പ്രദേശങ്ങളിലും ഉറുദു പഠനം സജീവമായിനടന്നു. മലപ്പുറം ഗവ. കോളജില്‍ ഉറുദു ഡിപാര്‍ട്ട്മെന്റ് വന്നതോടെ പ്രദേശത്തെ ഉറുദു പഠനത്തിന് വേഗത വന്നു. കുമ്പളം കൃഷി പിന്നീട് കോഡൂരിലും പരിസര പ്രദേശങ്ങളിലും വിത്തറ്റു. കൃഷി നിന്നെങ്കിലും അര നൂറ്റാണ്ടായി ഒരു ഗ്രാമം ഉര്‍ദുവിനെ ചേര്‍ത്തു പിടിച്ചിരിക്കുകയാണ്.

 

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ