Connect with us

niyamasabha session

അത്യപൂര്‍വമായ നടപടി; നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍

ഒരു മിനിട്ടും 18 സെക്കന്റും മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ ചെലവഴിച്ചത്

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അറുപതു സക്കന്റില്‍ താഴെ മാത്രം നയ പ്രഖ്യാപനം വായിച്ച് അദ്ദേഹം നടപടി അവസാനിപ്പിച്ചു.

ഒരു മിനിട്ടും 18 സെക്കന്റും മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ ചെലവഴിച്ചത്. കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്നതാണ് നയ പ്രഖ്യാപനം. ഭരണഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നതു മാത്രമാണു ഗവര്‍ണറുടെ നടപടി. എന്റെ സര്‍ക്കാര്‍ എന്ന വാക്കുപോലും ഗവര്‍ണര്‍ പറഞ്ഞില്ല. കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വമായ നടപടിക്കാണ് ഇതോടെ ഇന്നു സഭാ സമ്മേളനം സാക്ഷ്യം വഹിച്ചത്.

ഒരു തരത്തിലുള്ള ഉപചാരവുമില്ലാതെയാണ് ഗവര്‍ണര്‍ സഭയില്‍ പ്രവേശിച്ചത്. സഭാ കവാടത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണന്‍, സഭാ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നു സ്പീക്കറെ സ്വീകരിച്ചു. പൂച്ചെണ്ടു നല്‍കിയതല്ലാതെ ഹസ്തദാനം ഉണ്ടായില്ല. മുഖ്യമന്ത്രിക്കു മുഖം കൊടുക്കാതെ ആദ്യം മുതല്‍ പെരുമാറിയ ഗവർണർ  പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ഇറങ്ങി.

തിരിച്ചു പോകുമ്പോള്‍ പോര്‍ട്ടിക്കോയില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. നിയമസഭാ ചട്ടം അനുസരിച്ച് ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം ഒരു വരിയെങ്കിലും വായിച്ചാല്‍ തന്നെ നടപടി ക്രമങ്ങള്‍ക്കു സാധുത ലഭിക്കും. സഭയില്‍ എത്തി ഭരണ പ്രതിപക്ഷ അംഗങ്ങളെ അഭിസംബോധ ചെയ്ത ശേഷം അവസാന പാര വായിക്കുകയാണെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനം നടത്തി അദ്ദേഹം ഒരുമിനിട്ടിനുള്ളില്‍ വായന പൂര്‍ത്തീകരിച്ചു. ഭരണഘടന മൂല്യങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നതായിരുന്നു ഗവര്‍ണര്‍ വായിച്ച അവസാന പാരഗ്രാഫ്.

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം പോയിന്റ് ഓഫ് ഓഡര്‍ ഉന്നയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ വിശദീകരണം പോലും ചോദിക്കാതെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. 63 പേജുള്ള നയപ്രഖ്യാപനമാണു സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നത്. ഇതു വായിച്ചു തീര്‍ക്കാന്‍ രണ്ടുമണിക്കൂറെങ്കിലും സമയം ആവശ്യമായിരുന്നു.

സര്‍ക്കാറുമായി വിട്ടുവീഴ്ചക്കില്ലെന്ന പ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയിലെ പെരുമാറ്റത്തിലൂടെ പ്രകടമാക്കിയത്. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറയ്ക്കുന്നു എന്നാരോപിച്ച് എസ് എഫ് ഐ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലമാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest