Connect with us

niyamasabha session

എസ് എഫ് ഐക്കെതിരായ അടിയന്തിര പ്രമേയം അനുവദിച്ചില്ല; പ്രതിപക്ഷം നടുത്തളത്തില്‍

ഇടിമുറിയുടെ ബലത്തില്‍ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ് എഫ് ഐ എന്നു മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കാര്യാവട്ടം ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ഇടിമുറിയെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എം വിന്‍സന്റ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷമാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് എണീറ്റ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് സ്വയം രാജാവാണെന്ന് കരുതിയെന്ന് പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

കാര്യവട്ടം ക്യാമ്പസ്സില്‍ പുറത്തു നിന്നുള്ള ആള്‍ക്കാര്‍ കെ എസ് യുക്കാര്‍ക്ക് ഒപ്പം എത്തിയതാണ് സംഘര്‍ഷതിനു കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പതിനഞ്ചോളം എസ് എഫ് ഐ പ്രവര്‍ത്തകക്കെതിരെയും ഇരുപതോളം കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്. പോലീസ് സ്റ്റേഷനില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഇരുപതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോസ്റ്റല്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് പോലീസ് അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യാതൊരു രാഷ്ട്രീയ വിവേചനവും നടപടികളില്‍ കാണിച്ചിട്ടില്ല. ശക്തമായ അന്വേഷണം നടത്തി നടപടികള്‍ ഉണ്ടാകും. സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെ പോലീസ് നടപടി എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എസ് എഫ് ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം വിന്‍സന്റ് പറഞ്ഞു. എസ് എഫ് ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നല്‍കുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ റിസള്‍ട്ട്. സിദ്ധാര്‍ഥന്റെ മരണത്തിലേ പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ വരെ സൗകര്യം ചെയ്തു കൊടുത്തു. കെ എസ് യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാന്‍ജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴചാണ് ഹോസ്റ്റലില്‍ കൊണ്ടുപോയത്.പിന്നീട് എസ്എഫ്‌ഐയുടെ ഇടിമുറിയിലേക്കാണ് കൊണ്ടുപോയത്.

ഇടിമുറിയുടെ നമ്പര്‍ 121. എല്ലാ കോളേജുകളിലും എസ് എഫ് ഐ ക്ക് ഇടിമുറിയുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ അല്ല ഇടിമുറിയുടെ പിന്‍ബലത്തിലാണ് എസ് എഫ് ഐ പ്രവര്‍ത്തിക്കുന്നത്. പരാതിയില്ലെന്ന് സാന്‍ജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. ഇത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

ഇടിമുറിയുടെ ബലത്തില്‍ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ് എഫ് ഐ. അവസാനം ധീരജ് അടക്കം 35 ഓളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്യാമ്പസ്സില്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നിലെല്ലാം കെ എസ് യു ആയിരുന്നു. ധീരജിനെ കൊന്നപ്പോള്‍ ഇരന്നു വാങ്ങിയ കൊല എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ഒരു കാലത്ത് ക്യാമ്പസ്സുകള്‍ അടക്കി വാണ കെ എസ് യു എങ്ങിനെ തകര്‍ന്നു എന്ന് നിങ്ങള്‍ തന്നെ പരിശോധിക്കണം. കുറേ മാധ്യമങ്ങളുടെ പിന്തുണ ഉണ്ടെന്നു കരുതി എസ് എഫ് ഐയെ ഇല്ലാതാക്കിക്കളയാം എന്നു ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം എസ് എഫ് ഐക്കാര്‍ ആക്രമിച്ചു എന്നായിരുന്നല്ലോ പ്രചാരണം. പിന്നീടാണ് വസ്തുതകള്‍ പുറത്തുവന്നത്. എസ് എഫ് ഐക്കാര്‍ പുറത്തുപോകുമ്പോള്‍ ഗാന്ധി ചിത്രം അവിടെ ഉണ്ടായിരുന്നു. നേരത്തെ ചാപ്പകുത്തല്‍ വലിയ വാര്‍ത്തയായി. പിന്നീട് ചാപ്പകുത്തലിലെ കഥാപാത്രം തന്നെ അത് ആസൂത്രിതമായിരുന്നു എന്നു വെളിപ്പെടുത്തി.

പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ ബഹളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest