Connect with us

wynad disaster

മലവെള്ളപ്പാച്ചിലിനു മുകളിലൂടെ കടന്ന് ആതുര സേവനം; സിസ്റ്റര്‍ സബീനക്ക് ആദരം

മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി ഒരുക്കിയ വടത്തില്‍ തൂങ്ങി മറുകരയിലെത്തി പരിക്കേറ്റവരെ പരിചരിച്ച നഴ്‌സ് സബീനയുടെ ആത്മധൈര്യത്തിനാണ് സര്‍ക്കാറിന്റെ ആദരവ്.

Published

|

Last Updated

നീലഗിരി | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ദിവസം അതി സാഹസികമായി ആതുര ശുശ്രൂഷയില്‍ മുഴുകിയ നഴ്‌സിന് തമിഴ്‌നാട് സര്‍ക്കാറിന്റെ ആദരം. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യദിനത്തില്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി ഒരുക്കിയ വടത്തില്‍ തൂങ്ങി മറുകരയിലെത്തി പരിക്കേറ്റവരെ പരിചരിച്ച നഴ്‌സ് സബീനയുടെ ആത്മധൈര്യത്തിനാണ് സര്‍ക്കാറിന്റെ ആദരവ്.

ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി ഹെല്‍ത്ത് കെയര്‍ ആതുര സേവന വളണ്ടിയര്‍ വിഭാഗത്തിലെ നഴ്‌സാണ് സബീന. ഉരുള്‍പൊട്ടലുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ക്കൊപ്പം സബീനയും ഉണ്ടായിരുന്നു. മെഡിക്കല്‍ കിറ്റുമായി മറുകരയിലേക്ക് പോകാന്‍ പുരുഷ നഴ്‌സുമാരെ അന്വേഷിച്ചെങ്കിലും ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സബീന മറുകരയിലേക്ക് പോകാന്‍ തയ്യാറായത്. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരുക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.

തമിഴ്‌നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്‌കാരം നല്‍കിയാണ് തമിഴ്‌നാട് ആദരിക്കുന്നത്. തമിഴ്‌നാട് ആരോഗ്യ മന്ത്രിയാണ് സബീനക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത്. കല്‍പന ചൗള പുരസ്‌കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സബീനയ്ക്ക് സമ്മാനിക്കും.

Latest