Connect with us

Health

സ്ത്രീകളിലെ നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ മാറ്റാം

മാനസികവും ശാരീരികവുമായ ഒരുപാട് പ്രശ്‌നങ്ങള്‍ മൂത്രവാര്‍ച്ച കാരണം സ്ത്രീകളില്‍ ഉണ്ടാകുന്നു.

Published

|

Last Updated

നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥയാണ് മൂത്രവാര്‍ച്ച. പ്രായമായ സ്ത്രീകളില്‍ മുപ്പത് ശതമാനം പേര്‍ക്കെങ്കിലും മൂത്രം അറിയാതെ പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇക്കാര്യം പുറത്തു പറയാന്‍ പലരും വിസമ്മതിക്കുന്നു. ഈ അവസ്ഥ കാരണം പലരും പുറത്തുപോകാന്‍ പോലും മടിക്കുന്നു. ഇത് ജീവിതത്തിന്റെ ഭാഗമായി മാത്രം കാണുകയും രോഗമായി കാണാതിരിക്കുകയും ചെയ്യുന്നു. മാനസികവും ശാരീരികവുമായ ഒരുപാട് പ്രശ്‌നങ്ങള്‍ മൂത്രവാര്‍ച്ച കാരണം സ്ത്രീകളില്‍ ഉണ്ടാകുന്നു. ഇപ്പോള്‍ ഈ രോഗത്തിന് കൃത്യമായ ചികിത്സകളുണ്ട്. പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് ചികിത്സ നല്‍കിയാല്‍ രോഗം മാറ്റിയെടുക്കാന്‍ സാധിക്കും.

മൂത്രവാര്‍ച്ച ഉണ്ടാകാനുള്ള കാരണം

അടുപ്പിച്ചുള്ള പ്രസവം, പ്രസവത്തിലെ ബുദ്ധിമുട്ടുകള്‍, കുറേ സമയമെടുത്തുള്ള പ്രസവം, കുട്ടിയ്ക്ക് തൂക്കം കൂടിയിട്ടുള്ള പ്രസവം ഇതൊക്കെ വന്നു കഴിഞ്ഞുള്ള സ്ത്രീകളില്‍ നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ കാണാറുണ്ട്. ബുദ്ധിമുട്ടുകളില്ലാതെ രണ്ടിലധികം പ്രസവിച്ച സ്ത്രീകളിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിന് കാരണം മൂത്രസഞ്ചി സ്ഥിതിചെയ്യുന്നത് ഇടുപ്പെല്ലിലുള്ള മസിലിലാണ്. പ്രസവസമയത്ത് മസിലിനുണ്ടാകുന്ന ക്ഷതങ്ങള്‍, മുറിവുകള്‍ എന്നിവ ഉണ്ടാകുന്നതുകൊണ്ടാണ് പ്രസവശേഷം നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥയുണ്ടാകുന്നത്.

സ്ത്രീകളിലെ ആര്‍ത്തവവിരാമം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഇടക്കിടെ യൂറിന്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുക, പ്രമേഹം, വാര്‍ധക്യസഹജമായ രോഗങ്ങള്‍ എന്നിവയുള്ളവരിലും മൂത്രവാര്‍ച്ച ഉണ്ടാകാറുണ്ട്. ചായ, കാപ്പി, ഒരു പാട് എരിവുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്കും ഈ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മൂത്രം അറിയാതെ പോകുന്ന അവസ്ഥകള്‍

സ്‌ട്രെസ് ഇന്‍കോണ്ടിനന്‍സ്

വയറിന്റെ പ്രഷര്‍ ഒരല്‍പം കൂടുമ്പോള്‍, തുമ്മുമ്പോള്‍, ചുമയ്ക്കുമ്പോഴെല്ലാം മൂത്രം അറിയാതെ പോകുന്ന അവസ്ഥയാണിത്. 40-50 വയസ്സിന് ഇടയിലുള്ളവരിലാണ് ഇത് കണ്ടുവരുന്നത്.

എര്‍ജ് ഇന്‍കോണ്ടിനന്‍സ്

മൂത്രം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയാണ് എര്‍ജ് ഇന്‍കോണ്ടിനന്‍സ്. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ ഉടനെ ഒഴിക്കണം എന്ന അവസ്ഥയാണിത്. ഇത് പ്രായമായ സ്ത്രീകളിലാണ് അധികവും കണ്ടുവരുന്നത്. മൂത്രസഞ്ചിയിലുള്ള മസിലിന്റെ പ്രശ്‌നംകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതിന് കൃത്യമായ മരുന്നുകളുണ്ട്. മരുന്ന് കഴിച്ചാല്‍ ഈ അവസ്ഥയ്ക്ക് നല്ല വ്യത്യാസം ഉണ്ടാകും.

മിക്‌സ്ഡ് ഇന്‍കോണ്ടിനന്‍സ്

സ്‌ട്രെസ് ഇന്‍കോണ്ടിനന്‍സും എര്‍ജ് ഇന്‍കോണ്ടിനന്‍സും ചേര്‍ന്നുള്ള അവസ്ഥയാണിത്. ഈ സന്ദര്‍ഭത്തില്‍ ഏത് അവസ്ഥയാണ് കൂടുതലായി ഉള്ളതെന്ന് കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നല്‍കുകയാണ് ചെയ്യാറ്.

ചികിത്സകള്‍

പ്രമേഹമുള്ളവര്‍ക്കാണ് നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥയുണ്ടാകുന്നതെങ്കില്‍ പ്രമേഹം നിയന്ത്രണവിധേയമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അമിതവണ്ണമുള്ളവരാണെങ്കില്‍ പത്തുശതമാനം വണ്ണം കുറച്ചാല്‍ തന്നെ അമ്പത് ശതമാനത്തോളം മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. പെല്‍വിക് ഫ്‌ളോര്‍ മസില്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. ചിലര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്താലും വ്യത്യാസങ്ങള്‍ ഉണ്ടാകാറില്ല. അങ്ങനെയുള്ളവര്‍ക്ക് സര്‍ജിക്കല്‍ ചികിത്സകള്‍ ആവശ്യമായി വരും.

സര്‍ജിക്കല്‍ ചികിത്സകള്‍

പണ്ടുമുതലേ ചെയ്തുവരുന്ന ചികിത്സയാണ് ടിവിടിഒ. മൂത്രനാളിയുടെ താഴെയായി ഇടുപ്പെല്ല് വരെ മെഷ് പോലെ ഒരു സാധനം വെച്ചുകൊടുക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ അവിടെ ഒരു ബലം വരികയും എണ്‍പത് ശതമാനത്തോളം രോഗികള്‍ക്കും നിയന്ത്രണമില്ലാതെ മൂത്രം പോകുന്നതിന് കുറവും അനുഭവപ്പെടുന്നു. പുതിയ ചികിത്സാരീതി അനുസരിച്ച് ലാപറോസ്‌കോപ്പിക് പ്രൊസീജ്യര്‍ ആണ് ചെയ്യുന്നത്. ഇത് കീഹോള്‍ ആയാണ് ചെയ്യുന്നത്. എണ്‍പത്തഞ്ച് മുതല്‍ തൊണ്ണൂറ് ശതമാനത്തോളം ഫലപ്രാപ്തി ലഭിക്കുന്ന ചികിത്സയുമാണിത്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ആയിഷ സലാം
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കണ്ണൂര്‍

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest