National
മദ്യലഹരിയില്‍ മൂത്രമൊഴിച്ചു; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരന്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്നാണ് പരാതി.

ന്യൂഡല്‍ഹി|മദ്യപിച്ച് വിമാനത്തിലെ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന പരാതിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്ക്-ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് സംഭവം. മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്നാണ് പരാതി. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കിയതിന് ശേഷം യാത്രക്കാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാരുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. യാത്രക്കാരനെക്കുറിച്ച് എയര്‍ലൈന്‍സ് ജീവനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ആക്ട് പ്രകാരം നിയമനടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.