Connect with us

uru

ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരുവിന് ഇന്ന് മുതൽ നിയന്ത്രണം 

ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് സർവീസ് നടത്തുന്നത് ഒരു കപ്പൽ മാത്രം

Published

|

Last Updated

കോഴിക്കോട് | മൺസൂൺ കാലയളവിൽ ലക്ഷദ്വീപിലേക്കുള്ള യന്ത്രവത്കൃത ഉരുക്കൾക്ക് ഇന്ന് മുതൽ നിരോധനം വരുന്നതോടെ ബേപ്പൂരിൽ നിന്നുള്ള ചരക്കുകടത്ത് പ്രതിസന്ധിയിലാകും. ഉരു നിരോധനം വരുന്നതോടെ സാധാരണഗതിയിൽ കപ്പലുകളെയാണ് ആശ്രയിക്കാറുള്ളത്. നേരത്തേ നാല് കപ്പലുകൾ രംഗത്തുണ്ടായിരുന്നുവെങ്കിലും നിലവിൽ ഒരു കപ്പൽ മാത്രമാണ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത്. നേരത്തേ ഉണ്ടായിരുന്ന രണ്ട് കപ്പലുകൾ കാലപ്പഴക്കം കാരണം ഉപേക്ഷിച്ചു. ഒരെണ്ണം അറ്റകുറ്റപ്പണിയിലുമാണ്.

നാല് കപ്പലുകൾ സർവീസ് നടത്തുമ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ചരക്ക് നീക്കം സാധ്യമായിരുന്നു. നിലവിൽ പതിനഞ്ച് ദിവസത്തിനിടക്ക് ഒരിക്കൽ മാത്രമേ സർവീസ് ഉണ്ടാവുകയുള്ളൂ. ആൾത്താമസമുള്ള 12 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്ന് ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കുനീക്കം. ലക്ഷദ്വീപിനും വൻകരക്കും ഇടയിൽ ഏതാണ്ട് 27 ഉരുക്കൾ സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം ഇനി നിർത്തിയിടും.

മൺസൂണിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴിലെ കപ്പലുകളിൽ മാത്രമേ ദ്വീപിനും വൻകരക്കും ഇടയിൽ ചരക്കു നീക്കമുണ്ടാകൂ. മർക്കന്റൈൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മെയ് 15 മുതൽ സെപ്തംബർ 15 വരെ ചെറുകിട തുറമുഖങ്ങളിൽ ജലയാനങ്ങൾക്ക് യാത്രാ നിയന്ത്രണമാണ്. ലക്ഷദ്വീപിലേക്ക് പാചക ഗ്യാസും അവശ്യ വസ്തുക്കളും അടക്കം മുഴുവൻ സാധനങ്ങളും കയറ്റിയയക്കാറാണെന്നിരിക്കെ, ഇനി നാല് മാസം ഈ ജനതക്ക് പ്രയാസത്തിന്റെ നാളുകളാണ്.

നിലവിൽ കൊച്ചിയിൽ എത്തി വേണം അടിയന്തരമായി അയക്കേണ്ട വസ്തുക്കൾ ദ്വീപിലേക്കയക്കാൻ. നേരത്തെ തന്നെ ലക്ഷദ്വീപ് ജനതയോടുള്ള ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ക്രൂരമായ നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

Latest