Connect with us

From the print

ഉരുള്‍ ദുരന്തം: കേന്ദ്ര നിലപാട് മനുഷ്യത്വരഹിതം- ഡോ. ഹകീം അസ്ഹരി

വഖ്ഫ് ഭൂമി രേഖകളില്‍ കൃത്രിമം നടന്നോയെന്ന് പരിശോധിക്കണം

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. ഇരകള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്ര നിലപാട് മനുഷ്യത്വരഹിതവും പക്ഷപാതപരവുമാണ്. ദുരന്തത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്രത്തില്‍ നിന്ന് സഹയം ലഭ്യമാക്കാന്‍ കോടതി ഇടപെടല്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. എസ് വൈ എസ് പ്ലാറ്റിനം ഇയറുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന മാനവസഞ്ചാരത്തിന് വയനാട്ടിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

വനവും വന്യജീവികളെയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യജീവനും ഉപജീവന മാര്‍ഗങ്ങള്‍ക്കും സംരക്ഷണം ഉറപ്പ് വരുത്തണം. മനുഷ്യ, വന്യജീവി സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ശാസ്ത്രീയമായ പ്രതിരോധ സംവിധാനം വേണം. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുകയും കാലതമാസം ഇല്ലാതെ വിതരണം ചെയ്യുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖ്ഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചോദ്യത്തിന് മറുപടി പറയവെ അദ്ദേഹം വ്യക്തമാക്കി. കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വഖ്ഫ് ഭൂമി വിലകൊടുത്ത് വാങ്ങാന്‍ കഴിയില്ല. അത് സംരക്ഷിക്കപ്പെടണം. ഒപ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ ഇരകളായവര്‍ക്ക് പരിരക്ഷയും വേണ്ടിവന്നാല്‍ പുനരധിവാസവും ഉറപ്പാക്കണം. വഖ്ഫ് ബില്ലുമായി ബന്ധപ്പെട്ട ആശങ്കകളും നിര്‍ദേശങ്ങളും ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റിക്ക് (ജെ പി സി) കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി, ജില്ലാ സെക്രട്ടറി ലത്വീഫ് കാക്കവയല്‍ സംബന്ധിച്ചു.