National
അമേരിക്കയുടെ മനുഷ്യത്വരഹിതമായ നാടുകടത്തൽ; ഇന്ന് കോൺഗ്രസ്സ് രാജ്യവ്യാപകമായി പ്രതിഷേധിക്കും
സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ
![](https://assets.sirajlive.com/2023/11/congress-rally-897x538.jpg)
ന്യൂഡൽഹി | മനുഷ്യത്വരഹിതമായ രീതിയിൽ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക നാട്ടിലെത്തിച്ചതിനെതിരെ കോൺഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യൻ പൗരന്മാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും സർക്കാറിന്റെ ദുർബലമായ നിലപാടിനെയും കോൺഗ്രസ്സ് ശക്തമായി എതിർക്കുന്നുവെന്നും ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്‌സിൽ കുറിച്ചു.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് അമേരിക്കയിൽ നിന്നെത്തിയവർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 40 മണിക്കൂറിലധികമുണ്ടായ സൈനിക വിമാനത്തിലെ യാത്രയിൽ കൈകാലുകളിൽ വിലങ്ങണിയിച്ചാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭക്ഷണം പോലും കൃത്യമായി കഴിക്കാൻ സാധിച്ചില്ലെന്നും രാജ്യത്ത് തിരിച്ചെത്തിയവർ വെളിപ്പെടുത്തിയിരുന്നു.