Connect with us

editorial

അദാനിക്കെതിരായ യു എസ് നടപടിയും കേന്ദ്രത്തിന്റെ മൗനവും

അദാനി ഗ്രൂപ്പിന് കേന്ദ്രം വഴിവിട്ട സഹായങ്ങൾ ചെയ്യുന്നതായി പ്രതിപക്ഷം ആരോപിക്കവേ, അമേരിക്കൻ ഓഹരി നിയന്ത്രണ ഏജൻസി തൊടുത്ത ആരോപണത്തിന്റെ അമ്പ് മോദി സർക്കാറിലേക്ക് കൂടി നീളുക സ്വഭാവികം. രാജ്യത്ത് ഇത്ര വലിയൊരു അഴിമതി നടന്നിട്ടും നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന ചോദ്യവും പ്രസക്തം.

Published

|

Last Updated

മോദി സർക്കാറിനെ കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിലെ ഓഹരി നിയന്ത്രണ ഏജൻസി സമർപ്പിച്ച കുറ്റപത്രം. അമേരിക്കയിലെ അദാനി ഗ്രൂപ്പ് കമ്പനി സൗരോർജ കരാറുകൾ നേടാൻ ഇന്ത്യയിൽ ഉദ്യോഗസ്ഥ പ്രമുഖർക്ക് 26.5 കോടി ഡോളർ (2,237 കോടി രൂപ) കൈക്കൂലി നൽകിയെന്നാണ് അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഏഴ് ഉന്നതർക്കുമെതിരെ ചുമത്തിയ കുറ്റം. കമ്പനി നിക്ഷേപം നേടിയത് കൈക്കൂലി വഴി നേടിയ കരാറുകളിലൂടെയാണെന്നും ഗൗതം അദാനി നേരിട്ട് ഇടപെട്ട് കേന്ദ്ര സർക്കാറിൽ നിന്ന് അനധികൃതമായി വിവിധ കരാറുകൾ നേടാൻ ശ്രമിച്ചുവെന്നും റിപോർട്ട് കുറ്റപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്ന് കൈക്കൂലി നൽകി തെറ്റായ മാർഗത്തിലൂടെ കരാർ നേടിയെടുക്കുമ്പോൾ തന്നെ, അഴിമതിവിരുദ്ധ സ്ഥാപനമെന്ന അവകാശവാദത്തോടെയാണ് അമേരിക്കയിൽ കടപ്പത്രങ്ങൾ ഇറക്കി മൂലധനസമാഹരണം നടത്തിയത്.

അദാനി ഗ്രൂപ്പിന് കേന്ദ്രം വഴിവിട്ട സഹായങ്ങൾ ചെയ്യുന്നതായി പ്രതിപക്ഷം ആരോപിക്കവേ, അമേരിക്കൻ ഓഹരി നിയന്ത്രണ ഏജൻസി തൊടുത്ത ആരോപണത്തിന്റെ അമ്പ് മോദി സർക്കാറിലേക്ക് കൂടി നീളുക സ്വഭാവികം. രാജ്യത്ത് ഇത്ര വലിയൊരു അഴിമതി നടന്നിട്ടും നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന ചോദ്യവും പ്രസക്തം. വ്യക്തമായ തെളിവുകളോടെയാണ് അദാനി ഗ്രൂപ്പിനെതിരെ യു എസിൽ കേസ് ചാർജ് ചെയ്തത്. എന്നിട്ടും കേന്ദ്ര സർക്കാർ പാലിക്കുന്ന മൗനത്തിലും ദുരൂഹതയുണ്ട്. അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ് ബി ഐ നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട് യു എസ് കോടതി.

മോദിയുടെ ഉറ്റ സുഹൃത്തായ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ഉയരുന്ന രണ്ടാമത്തെ ആരോപണമാണിത്. ഓഫ്‌ഷോർ നിക്ഷേപ കേന്ദ്രങ്ങൾ അവിഹിതമായി ഉപയോഗിച്ച് ഓഹരിവില കൃത്രിമമായി ഉയർത്തിയതായി 2023 ജനുവരിയിൽ ആരോപണമുന്നയിച്ചിരുന്നു അമേരിക്കയിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ്. വിദേശത്തെ കടലാസ് കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് നിക്ഷേപം ക്ഷണിച്ചു. ഇതുവഴി ഓഹരിവില കൃത്രിമമായി പെരുപ്പിക്കുകയും അവ ഈടുവെച്ച് അനധികൃത നേട്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. യു എ ഇ, മൗറീഷ്യസ്, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമം നടത്തിയതെന്നാണ് ഹിൻഡൻബർഗ് റിപോർട്ട് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അദാനിയുടെ ബിസിനസ്സ് നീക്കങ്ങൾ നിരീക്ഷിക്കാൻ ബാധ്യസ്ഥരല്ലേ ഇന്റലിജൻസ് വിഭാഗങ്ങൾ? ഇന്റലിജൻസ് ഇതൊന്നും അറിയാതെ പോയതോ, അറിയാത്ത ഭാവം നടിച്ചതോ?

അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായങ്ങളാണ് കേന്ദ്ര സർക്കാറും ഗുജറാത്ത് പോലുള്ള ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളും നൽകിവരുന്നത്. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റയുടനെ രാജ്യത്തെ സ്വകാര്യ കൽക്കരി കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. വൈകാതെ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞു. ഇതിന്റെ പിന്നാമ്പുറത്തെ സംബന്ധിച്ച് അൽ ജസീറയും റിപോർട്ടേഴ്‌സ് കലക്ടീവും നടത്തിയ അന്വേഷണത്തിൽ, വനമേഖലകളിലെ ഖനികളിൽ നിന്ന് അദാനി കമ്പനിക്ക് കൽക്കരി ഖനനം ചെയ്‌തെടുക്കുന്നതിനാണ് നിയന്ത്രണ നടപടികൾ നിർത്തിവെച്ചതെന്നു കണ്ടെത്തി. എൽ ഐ സി, എസ് ബി ഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ അദാനി കമ്പനികളിൽ നിക്ഷേപമിറക്കിയതിന് പിന്നിലും കേന്ദ്ര സമ്മർദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എൽ ഐ സി 36,474.78 കോടിയും എസ് ബി ഐ 80,000 കോടിയോളവുമാണ് അദാനി കമ്പനികളിൽ നിക്ഷേപിച്ചത്. ഇതേക്കുറിച്ച് പാർലിമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ വിസമ്മതിക്കുകയായിരുന്നു. വൈദ്യുതി കരാറിന്റെ മറവിൽ ബി ജെ പി ഭരിക്കുന്ന ഗുജറാത്തും അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. 2018- 23 കാലയളവിൽ അദാനി പവർ മുന്ധ്ര ലിമിറ്റഡിൽ നിന്ന് വൈദ്യൂതി വാങ്ങിയ ഇനത്തിൽ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് നൽകിയത് 13,082 കോടി രൂപയാണ്. അതേസമയം, കരാർ പ്രകാരം നൽകേണ്ടിയിരുന്ന തുക 9,902 കോടി രൂപയും.

അദാനിയുമായുള്ള കേന്ദ്ര സർക്കാറിന്റെയും ബി ജെ പിയുടെയും വഴിവിട്ട ബന്ധമാണ് ഈ സഹായങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുതന്നെയല്ലേ അദാനിക്കെതിരെ അമേരിക്കയിൽ നടന്നുവരുന്ന നിയമനടപടികളിൽ കേന്ദ്ര സർക്കാറിന്റെ മൗനത്തിനു പിന്നിലും? ആഗോളതലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കുകയും സമഗ്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ് കേന്ദ്ര സർക്കാർ.
അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് അമേരിക്കൻ ഏജൻസിയുടെ നിയമനടപടികൾ.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ച അദാനി, അമേരിക്ക് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു നിയമനടപടി നേരിടേണ്ടിവന്നത്. കുറ്റാരോപണ റിപോർട്ടുകൾ പുറത്തുവരുന്നതിന് മണിക്കൂറുകൾ മുമ്പ് അമേരിക്കൻ കോർപറേറ്റ് ബോണ്ട് വിപണിയിൽ അദാനി ടീം 600 മില്യൻ ഡോളറിന്റെ കടപ്പത്രങ്ങൾ പുറത്തിറക്കുകയും മൂന്ന് ഇരട്ടിയിലേറെ ആവശ്യക്കാർ രംഗത്തുവരികയും ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിക്കപ്പെട്ട വിവരം പുറത്തുവന്നതോടെ ആവശ്യക്കാർ പിൻവലിയുകയും കടപ്പത്ര വിൽപ്പന റദ്ദാക്കേണ്ടിവരികയും ചെയ്തു. അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിന് 20 ശതമാനം വരെ ഇടിവ് സംഭവിച്ചു. വിഹിതം നിക്ഷേപിച്ച പൊതുമേഖലാ സ്ഥാപനമായ എൽ ഐ സിക്ക് അടക്കം കനത്ത നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. 12,000 കോടി രൂപയോളം വരും എൽ ഐ സിയുടെ നഷ്ടം.

Latest